ഇസ്‌താംബൂൾ : തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗനുമായി പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കൂടിക്കാഴ്‌ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചും ഇവർ അവലോകനം ചെയ്‌തു. ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തം ഉയർത്താനുള്ള ദൃഢനിശ്ചയം ഇവർ ആവർത്തിക്കുകയും ചെയ്‌തതായി പാക്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയ്‌ക്കെതിരായ ‘ദൃഢമായ പിന്തുണയ്‌ക്ക്’ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നന്ദി അറിയിച്ചു . ഇസ്താംബൂളിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ പ്രിയ സഹോദരൻ എന്നായിരുന്നു ഇരുവരും പരസ്പരം അഭിസംബോധന ചെയ്തത്. പാകിസ്താൻ തുർക്കി സൗഹൃദം നീണാൾ വാഴട്ടെ എന്ന് പാക് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും അചഞ്ചലമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്‌ക്കൽ, ഭീകരവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ മേഖലകളിൽ തുർക്കിയും പാകിസ്ഥാനും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യം എർദോഗൻ വ്യക്തമാക്കി. മേഖലാ സ്ഥിരത ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
തുർക്കി പ്രസിഡന്റിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവന പ്രകാരം ഊർജ്ജം, വ്യാപാരം, ഗതാഗതം, പ്രതിരോധം എന്നീ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.
ഇറാൻ, അസർബൈജാൻ, താജിക്കിസ്ഥാൻ തുർക്കി തുടങ്ങിയ സുഹൃദ് രാജ്യങ്ങളിലേക്കുള്ള തന്റെ വിദേശ പര്യടനത്തിന്റെ ഭാഗമായിട്ടാണ് ഷെരീഫ് ഞായറാഴ്‌ച തുർക്കിയിലെത്തിയത്. എർദോഗനുമായുള്ള കൂടിക്കാഴ്‌ചയിൽ ഷെരീഫിനൊപ്പം വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ, കരസേനാ മേധാവി ഫീൽഡ് മാർഷൽ (സിഒഎഎസ്) സയ്യിദ് അസിം മുനീർ, വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ എന്നിവരും ഉണ്ടായിരുന്നു.
“പാകിസ്താനും ഇന്ത്യയും തമ്മിലുള്ള സമീപകാല സംഘർഷങ്ങളിൽ തുർക്കിയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് പ്രസിഡന്റ് എർദോഗൻ നൽകിയ ശക്തമായ സഹകരണത്തിനും പിന്തുണയ്‌ക്കും നന്ദി പറയുക എന്നതായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ലക്ഷ്യം,” പി.ടി.വി ന്യൂസ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഇന്ത്യക്കെതിരെ പാകിസ്താൻ നടത്തിയ ഭീകരാക്രമണത്തിൽ പാകിസ്താനൊപ്പം നിന്ന രാജ്യമായിരുന്നു തുർക്കി. പ്രതിഷേധ സൂചകമായി ഭാരതീയർ തുർക്കിയിലേക്കുള്ള യാത്രകൾ റദ്ദാക്കുകയും ഉത്പന്നങ്ങൾ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.