തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റം. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലാണ് മാറ്റമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ മംഗ്ളൂരു സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് ഒരു മണിക്കൂറോളം വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 12.45-ന് മൈസൂരു ജംഗ്ഷനിൽ നിന്ന് യാത്ര തിരിക്കേണ്ട മൈസൂരു ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെടുന്നത്. രാത്രി 8.55-ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ സെൻട്രൽ – ആലപ്പുഴ എക്സ്പ്രസ് ഒരു മണിക്കൂറും 20 മിനിറ്റും വൈകും.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിൽ മരം വീണിരുന്നു. ആലുവയിലെയും കോഴിക്കോടിലെയും റെയിൽവേ ട്രാക്കുകളാണ് മരം വീണ് തകർന്നത്. തുടർന്ന് വിവിധയിടങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകൾ മുടങ്ങി. പിന്നാലെ അധികൃതരെത്തി മരം ട്രാക്കിൽ നിന്ന് മാറ്റുകയും സർവീസ് പുനരാരംഭിക്കുകയും ചെയ്തു.