മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യു ഡി എഫ് സ്ഥാനാർത്ഥി ആയി പ്രഖ്യാപിച്ചതിൽ കലാപക്കൊടി ഉയർത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ കൂടുതൽ ആരോപണങ്ങളുമായി രംഗത്ത്.
വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ഇറക്കി വിട്ട തന്റെ മുഖത്ത് ചെളി വാരി എറിയുകയാണ് ഇന്നലെ യു ഡിഎഫ് ചെയ്തതെന്നും കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ് യുഡിഎഫ് എന്നും പി വി അൻവർ ആരോപിച്ചു. ഇനി കാല് പിടിക്കാനില്ല കത്രികപ്പൂട്ടിട്ടു തന്നെ പൂട്ടാൻ നോക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം ഇതിനു മാത്രം എന്ത് തെറ്റാണ് താൻ ചെയ്തത് എന്നും ചോദിച്ചു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കണമോയെന്ന വിഷയത്തിൽ പി വി അന്‍വറിന് തീരുമാനം എടുക്കാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു. അന്‍വര്‍ തന്റെ നിലപാട് അറിയിച്ചശേഷം യുഡിഎഫ് അഭിപ്രായം പറയാമെന്നും വി ഡി സതീശന്‍ പ്രസ്താവിച്ചിരുന്നു. ഇതിനു മറുപടിയായി പത്രസമ്മേളനം വിളിച്ചാണ് പി വി അൻവർ ആരോപണങ്ങൾ ഉന്നയിച്ചത്.
“താൻ ഒരു അഹങ്കാരിയാണെന്ന് നറേഷൻ ഉണ്ടാക്കുന്നു, താൻ നിന്ന പ്രസ്ഥാനത്തിൽ തനിക്കെതിരെ ആരോപണങ്ങൾ വന്നപ്പോഴാണ് എൽഡിഎഫ് വിട്ടത്. പാലക്കാട് ബിജെപിയുടെ കടന്ന് വരവ് തടയാൻ വേണ്ടിയാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്.മിൻഹാജ് എന്ന തന്റെ സ്ഥാനാർഥിയെ അന്ന് പിൻവലിച്ചു.എന്നാൽ മിൻ ഹാജിന് യുഡിഎഫ് വേണ്ട പരിഗണന നൽകിയില്ല.ഫലം വന്നിട്ട് ഒരു നന്ദി പോലും പറഞ്ഞില്ല. മിൻഹാജ് അപമാനിതനായി തന്റെ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു. വയനാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നൽകി യുഡിഎഫിന് കത്ത് നൽകിയിട്ട് നാല് മാസമായി.മുന്നണി പ്രവേശം സംബന്ധിച്ച് ഉടൻ സതീശൻ പറയുമെന്ന് എംഎം ഹസൻ വാർത്താ സമ്മേളനം നടത്തി പറഞ്ഞു. എന്നാൽ പിന്നീട് ഒന്നും പറഞ്ഞില്ല. ഹസൻ ഫോൺ വിളിച്ചപ്പോൾ എടുത്തില്ല.രണ്ട് ദിവസത്തിനകം മുന്നണി പ്രവേശനം എന്ന് സതീശൻ പറഞ്ഞു. എന്നാൽ പിന്നീട് ഒന്നും ഉണ്ടായില്ല. കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും മാത്രമാണ് മുൻകൈ എടുത്തത്.” പിവി അൻവർ പറഞ്ഞു.
നിലവിലെ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മികച്ച സ്ഥാനാർത്ഥി അല്ലെന്ന് പി വി അൻവർ ആവർത്തിച്ചു. ഷൗക്കത്തുമായി വ്യക്തിപരമായി അഭിപ്രായ വ്യത്യാസം ഉണ്ട് എന്നും , സ്ഥാനാർത്ഥിയുടെ കുഴപ്പം കൊണ്ട് ഒരു വോട്ട് പോവരുത് എന്നേ താൻ കരുതിയുള്ളു എന്നും
ഒരു വടിയെ സ്ഥാനാർഥി ആക്കിയാലും യുഡിഎഫിന്റെ ഭാഗമാണെങ്കിൽ പിന്തുണക്കാൻ തനിക്ക് പ്രശ്നമില്ലെന്നും പി വി അൻവർ പറഞ്ഞു.
“കെസി വേണുഗോപാലിലാണ് തനിക്ക് ഇനി പ്രതീക്ഷ, അദ്ദേഹത്തോട് ഈ വിഷയം തനിക്ക് പറയാനുണ്ട്.കമ്പ്യൂട്ടറിൽ മാത്രമുള്ള പാർട്ടികൾ യുഡിഎഫിന്റെ ഘടക കക്ഷിയാണ്.വിഡി സതീശനെ ചിലർ കുഴിയിൽ കൊണ്ട് പോയി ചാടിച്ചതാണ്.കെസി വേണുഗോപാലുമായി സംസാരിച്ചിട്ടും സമവായം ഇല്ലെങ്കിൽ നിലമ്പൂരിൽ ത്രിണമുൽ മത്സരിക്കും.”പി വി അൻവർ പറഞ്ഞു.
ത്രിണമുൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയാൽ മമത ബാനർജി പ്രചാരണത്തിന് വരുമെന്നും ബംഗാളിൽ നിന്ന് 10 മന്ത്രിമാർ വരുമെന്നും എംപിമാർ എത്തുമെന്നും പി വി അൻവർ അവകാശപ്പെട്ടു.















