ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം പാദത്തിലും ലാഭത്തിലെത്തി പുതിയ ചരിത്രം സൃഷ്ടിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ കമ്പനി 280 കോടി രൂപ അറ്റാദായം നേടി. ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കമ്പനി തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ലാഭം കണ്ടെത്തുന്നതെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 2007 ന് ശേഷം ബിഎസ്എല്‍എല്‍ ആദ്യമായി ലാഭത്തിലാകുന്നത് കഴിഞ്ഞ പാദത്തിലായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 849 കോടി രൂപ നഷ്ടത്തിലായിരുന്നു ബിഎസ്എന്‍എല്‍. 2025 സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ബിഎസ്എന്‍എല്‍ 262 കോടി രൂപ ലാഭമാണ് നേടിയത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 5,370 കോടി രൂപയായിരുന്ന സഞ്ചിത നഷ്ടം ഈ വര്‍ഷം 2247 കോടി രൂപയായി കുറഞ്ഞു.
പ്രൊഫഷണല്‍ മാനേജ്‌മെന്റ്, സര്‍ക്കാര്‍ പിന്തുണ, കമ്പനിയുടെ ഉന്നത തലത്തിലും താഴത്തെ നിരയിലുമുള്ള അശ്രാന്തമായ ശ്രദ്ധ എന്നിവ മികച്ച പ്രകടനത്തിന് കാരണമായതായി ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ റോബര്‍ട്ട് ജെ രവി പറഞ്ഞു. ബിഎസ്എന്‍എല്‍ പുനരുജ്ജീവിപ്പിക്കപ്പെടുക മാത്രമല്ല, പുനര്‍നിര്‍വചിക്കപ്പെടുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ 19,330 കോടി രൂപയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 7.8% ഉയര്‍ന്ന് 20,841 കോടി രൂപയായി.
വര്‍ധിച്ച മൂലധനച്ചെലവും സ്‌പെക്ട്രത്തിലുള്ള നിക്ഷേപവും കാരണം ഹ്രസ്വകാലത്തേക്ക് ലാഭം മിതമായിരിക്കാമെങ്കിലും ദീര്‍ഘകാല വീക്ഷണം ശക്തമായി തുടരുന്നെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം അഭിപ്രായപ്പെട്ടു. തദ്ദേശീയ ഉപകരണങ്ങള്‍ ഉപയോഗിച്ച് രാജ്യവ്യാപകമായി 4ജി, 5ജി അടിസ്ഥാന സൗകര്യങ്ങള്‍ കമ്പനി സ്ഥാപിച്ചു വരികയാണ്.















