ന്യൂയോക്ക്: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയ ഭരണ ചുമതലകൾ ഒഴിഞ്ഞ് എലോൺ മസ്‌ക്. ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ അതൃപ്‌തിയാണ് അപ്രതീക്ഷിത നീക്കത്തിന് കാരണമെന്നാണ് വിവരം. ട്രംപിന്റെ തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന സ്പോൺസർ ആയിരുന്നു മസ്ക്.
സ്പെഷൽ ഗവൺമെന്റ് എംപ്ലോയ് എന്ന നിലയിലാണ് മസ്ക് കാര്യക്ഷമത വകുപ്പിന് (DOGE) നേതൃത്വം നൽകിയത്. കഴിഞ്ഞ ദിവസം ട്രംപിനെ വിമർശിച്ച് മസ്ക് രംഗത്ത് വന്നിരുന്നു. പിന്നലെയാണ് രാജി പ്രഖ്യാപനം. ‘As govt. employee my time has come to an end’ എന്നാണ് മസ്ക് എക്സിൽ കുറിച്ചത്. ഒപ്പം ട്രംപിന് നന്ദിയും അറിയിക്കുന്നുണ്ട്.
മസ്ക് ഡോഡ്ജിന്റെ ഉപദേശക പദവി ഏറ്റെടുത്ത ശേഷം പതിനായിരത്തോളം സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഒപ്പം നിരവധി വകുപ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തിരുന്നു.
ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്നറിയപ്പെടുന്ന ധനവിനിയോഗ ബിൽ നേരിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് പാസാക്കിയത്. ബില്ലിനതിരെ മസ്ക് വിയോജിപ്പുകൾ പ്രകടമാക്കിയിരുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ വ്യക്തിയായിരുന്നു മസ്‌ക്. അധികാരമേറ്റതിന് പിന്നാലെ ട്രംപ് നടത്തിയ പ്രസംഗത്തിൽ, “ഒരു നക്ഷത്രം ജനിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് മസ്കിനെ പുകഴ്‌ത്തിയിരുന്നു.