ഭക്ഷണ പാക്കറ്റിന് പകരം പണം അടങ്ങിയ സഞ്ചി ഉപഭോക്താവിന് നൽകി ജീവനക്കാരൻ. മക്ഡോണൾഡ്സിലെ ജീവനക്കാരനാണ് അമളി പറ്റിയത്. തവിട്ട് നിറത്തിലുള്ള പേപ്പർ ബാഗിലാണ് ഔട്ട്ലെറ്റിൽ ഭക്ഷണം പാഴ്സൽ ചെയ്തിരുന്നത്. ഇതേ നിറമുളള കവറിൽ ബാങ്കിൽ നിക്ഷേപിക്കാനുള്ള പണം സൂക്ഷിച്ചതാണ് പ്രശ്നമായത്.
യുഎസിലാണ് സംഭവം നടന്നത്. ടെന്നസിയിലെ ഹെർമിറ്റേജിൽ താമസിക്കുന്ന ദമ്പതികൾ സ്ഥിരമായി മക്ഡോണൾഡ്സിൽ നിന്നും ബർഗർ വാങ്ങാറുണ്ട്. സംഭവം നടക്കുന്ന ദിവസവും പതിവു പോലെ ഭക്ഷണം ഓർഡർ ചെയ്തു കാത്തിരുന്നു. അൽപ്പസമയത്തിന് ശേഷം ജീവക്കാരൻ മൂന്ന് ബാഗുകൾ ദമ്പതികൾക്ക് നൽകി. അതുമായി അവർ വീട്ടിലേക്ക് പോകുകയും ചെയ്തു.
അൽപ്പസമയം കഴിഞ്ഞാണ് ജീവനക്കാരന് അബദ്ധം മനസ്സിലായത്. ഇതോടെ അയാൾ നിലവിളിച്ച് കൊണ്ട് ദമ്പതികളുടെ കാറിന് പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ഇതൊന്നും അറിയാത്ത ദമ്പതികൾ വീട്ടിലെത്തി ബർഗർ പാക്കറ്റ് തുറന്നപ്പോൾ ശരിക്കും ഞെട്ടി. അപ്പോഴേക്കും മാക്ഡോണൾഡ്സ് ജീവനക്കാരൻ ദമ്പതികളുടെ വീട് തേടി പിടിച്ചെത്തിയിരുന്നു, കാര്യം അറിഞ്ഞ ദമ്പതികൾ പണമടങ്ങിയ ബാഗ് ജീവനക്കാരന് തിരിച്ചു നൽകുകയും ചെയ്തു.















