ബെംഗളൂരു: കന്നഡ ഭാഷയെ ഇകഴ്‌ത്തുന്ന പരാമർശം നടത്തിയ തമിഴ് നടൻ കമൽഹാസനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്.
കന്നഡ ഭാഷയ്‌ക്ക് വളരെ നീണ്ട ചരിത്രമുണ്ട്. എന്നാൽ കമൽഹാസന് കന്നഡയുടെ ചരിത്രത്തെക്കുറിച്ച് വലിയ പിടിപാടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച പറഞ്ഞു.
തമിഴിൽ നിന്നാണ് കന്നഡ ഉത്ഭവിച്ചതെന്ന നടൻ കമൽഹാസന്റെ പ്രസ്താവന കർണാടകത്തിൽ വൻ പ്രതിഷേധത്തിന് തിരികൊളുത്തിയിരുന്നു.ചെന്നൈയിൽ നടന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ ‘തഗ് ലൈഫ്’ ന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വെച്ച് നടൻ കമൽഹാസൻ ഇങ്ങിനെ പറഞ്ഞത്.
ബെംഗളൂരു, ബെൽഗാം, മൈസൂർ, ഹുബ്ബള്ളി തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടൻ കമൽഹാസന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. നടനും രാഷ്‌ട്രീയക്കാരനുമായ കമൽഹാസൻ കർണാടക സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞില്ലെങ്കിൽ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ പ്രദർശനം തടയുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്വന്തം മാതൃഭാഷയെ മഹത്വപ്പെടുത്താനുള്ള ശ്രമത്തിനിടെ കമൽഹാസൻ കന്നഡയെ “അനാദരിക്കുന്നു” എന്ന് കർണാടക ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര ചൊവ്വാഴ്ച ആരോപിച്ചിരുന്നു. നടൻ “കന്നഡിഗർക്ക് മുന്നിൽ നിരുപാധികം മാപ്പ് പറയണമെന്നും” അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെയാണ് കമൽഹാസനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്ത് വന്നത്.















