കൊച്ചി: മന്ത്രിക്ക് പൈലറ്റ് പോകാനെത്തിയ പോലീസുകാരന്‍ മധ്യവയസ്‌കനെ തള്ളിയിട്ടതിൽ പ്രതിഷേധിച്ച് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ നാട്ടുകാര്‍ തടഞ്ഞു . വടക്കേക്കര സ്‌റ്റേഷനില്‍നിന്നെത്തിയ പോലീസുകാരനായിരുന്നു മധ്യവയ്സ്കനെ തള്ളിയിട്ടത്. വീഴ്ചയിൽ ഇയാളുടെ തല പൊട്ടി ചോരയൊലിച്ചു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെ ആലുവ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. മന്ത്രി വരുന്നതിന് മുമ്പ് തന്നെ മധ്യവയസ്കൻ പ്ലാറ്റ് ഫോമിലേക്ക് കടക്കുമ്പോൾ പൊലീസുകാരൻ ഇയാളെ തള്ളിമാറ്റുകയായിരുന്നു. ഇയാൾ വീണ്ടും പ്ലാറ്റ് ഫോമിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് വീണ്ടും ബലംപ്രയോഗിച്ചു. ഈ സമയം ഇയാൾ താഴേയ്‌ക്ക് വീഴുകയും തല പൊട്ടി ചോര ഒലിയ്‌ക്കുകയും ചെയ്തു. ഇതോടെ അവിടെയുണ്ടായിരുന്ന ഓട്ടോ റിക്ഷാ ഡ്രൈവർമാരും നാട്ടുകാരും ഇടപെടുകയായിരുന്നു.ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് വിസമ്മതിച്ചു.
ഇതിനിടെ മന്ത്രി കൃഷ്ണൻകുട്ടി കൊച്ചുവേളി-മംഗളുരു എക്സ്പ്രസിൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. മന്ത്രി പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞത്. പിന്നീട് കാര്യം മനസ്സിലായപ്പോൾ ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ മന്ത്രി തന്നെ നിര്‍ദേശം നല്‍കി. ആശുപത്രിയിലെത്തിച്ച ഇയാളുടെ നില തൃപ്തികരമാണ്.















