ബെംഗളൂരു: വർഗീയ സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക ആക്ഷൻ ഫോഴ്‌സ് രൂപീകരിച്ച് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദക്ഷിണ കന്നഡ, ശിവമോഗ, ഉഡുപ്പി ജില്ലകളിലെ കാര്യങ്ങൾ നിയന്ത്രിക്കാനായിട്ടാണ് ഈ പ്രത്യേക സേനയുടെ രൂപീകരണം.
സീനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഡിഐജിപി) ഉൾപ്പെടെ 248 ഉദ്യോഗസ്ഥർ ഈ സേനയുടെ ഭാഗമാകും. വർഗീയവും പ്രകോപനപരവുമായ സംഭവങ്ങളെയും വിദ്വേഷ പ്രസംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലും അവ തടയുന്നതിലും ആയിരിക്കും സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് പങ്ക് വഹിക്കുക.
സമാധാനവും സാമുദായിക ഐക്യവും ഉറപ്പാക്കാൻ, സമുദായ നേതാക്കളുമായിചേർന്ന് സമാധാന യോഗങ്ങൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു.
ദക്ഷിണ കന്നഡ ജില്ലയിൽ തുടരുന്ന വർഗീയ സംഘർഷങ്ങളെ തുടർന്നാണ് ഈ തീരുമാനമെന്ന് അറിയുന്നു.















