മംഗളൂരു: ജില്ലയിലെ ‘വർഗീയ കൊലപാതകങ്ങൾ’ തടയുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടതിലും സമുദായ നേതാക്കളെ മാറ്റിനിർത്തുന്നതിലും പ്രതിഷേധിച്ച് ദക്ഷിണ കന്നഡയിലെ ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള നിരവധി കോൺഗ്രസ് മുസ്ലീം നേതാക്കൾ ഇന്നലെ യോഗം ചേർന്ന് പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാജിവയ്‌ക്കുന്നതായി പ്രഖ്യാപിച്ചു.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.എസ്. മുഹമ്മദിന്റെ നേതൃത്വത്തിൽ ബൊളാരയിലെ ഷാദി മഹലിൽ വിളിച്ചുചേർത്ത മുസ്ളീം പാർട്ടി പ്രവർത്തകരുടെ അടിയന്തര യോഗത്തിലാണ് പ്രഖ്യാപനം.
മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ വിളിച്ച് സമുദായ നേതാക്കളോട് തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുതെന്ന് ആവശ്യപ്പെട്ടതായി കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രസിഡന്റ് ഷാഹുൽ ഹമീദ് പാർട്ടി പ്രവർത്തകരോട് പറഞ്ഞു. ഈ പ്രസ്താവനയിൽ രോഷാകുലരായ പാർട്ടി പ്രവർത്തകർ നേതാക്കൾ ഉടൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചു. ഇത് കുറെ നേരം സംഘർഷം സൃഷ്ടിച്ചു.
സർക്കാരിന്റെ പ്രതികരണത്തിനായി കുറച്ച് ദിവസം കൂടി കാത്തിരിക്കുന്നതിനെക്കുറിച്ച് നേതാക്കൾ സംസാരിച്ചെങ്കിലും രോഷാകുലരായ അണികൾ രാജി പ്രഖ്യാപിക്കാൻ അവരെ നിർബന്ധിച്ചതായി കന്നഡ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദക്ഷിണ കന്നഡ ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ. അഷ്‌റഫ്, പാണെ മംഗലാപുരം ബ്ലോക്ക് കോൺഗ്രസ് ന്യൂനപക്ഷ ഗ്രൂപ്പ് പ്രസിഡന്റ് ഉബൈദുള്ള കൊളകെ, ബെൽത്തങ്ങാടി നിയമസഭാ മണ്ഡലം എൻഎസ്‌യുഐ വൈസ് പ്രസിഡന്റ് സൽമാൻ ഫാരിഷ്, വിട്ടൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സമദ്, ബെൽത്തങ്ങാടി നഗർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസാപ്പ് കരായ എന്നിവരുൾപ്പെടെ വിവിധ തലങ്ങളിലുള്ള 15 ലധികം പേർ കോൺഗ്രസിൽ നിന്ന് രാജിവച്ചു. റഹ്മാന്റെ മരണത്തിന് നീതി ലഭിക്കുന്നതുവരെ പാർട്ടി പ്രവർത്തനങ്ങളിലൊന്നും പങ്കെടുക്കില്ലെന്ന് അവർ പറഞ്ഞു.
ബണ്ട്വാളിൽ അബ്ദുൾ റഹ്മാന്റെ കൊലപാതകത്തിനു ശേഷം ദക്ഷിണ കന്നഡ ജില്ലയിൽ സമാധാനാന്തരീക്ഷം വീണ്ടും തകർന്നിരിക്കുകയാണ്. ഈ സംഭവത്തിന് ശേഷം ജില്ലയിലെ മുസ്ലീം നേതാക്കൾ സർക്കാരിന്റെ പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടിരിക്കുന്നു. ആഭ്യന്തരമന്ത്രി ജി പരമേശ്വരയും ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവുവും രാജിവെക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.















