നാലാം പാദതത്തില്‍ മികച്ച വളര്‍ച്ചാനിരക്കുമായി ഭാരതം. 7.4 ശതമാനത്തിന്റെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ചാനിരക്കാണ് നാലാം പാദത്തില്‍ രാജ്യം കൈവരിച്ചത്. ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കാണിത്. വിവിധ മേഖലകളിലെ വളര്‍ച്ചയാണ് ജിഡിപി നിരക്കില്‍ പ്രതിഫലിച്ചത്.
അതേസമയം 2024-25 സാമ്പത്തിക വര്‍ഷത്തെ ആകെ ജിഡിപി വളര്‍ച്ചാനിരക്ക് 6.5 ശതമാനമാണെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഭാരത സമ്പദ്വ്യവസ്ഥയുടെ റിയല്‍ ജിഡിപി നിരക്ക് 6.5% ആണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (ങീടജക) പുറത്തിറക്കിയ താല്‍ക്കാലിക കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ജനുവരി-മാര്‍ച്ച് പാദം വാര്‍ഷിക പ്രകടനത്തെ മറികടന്ന് ശക്തമായ 7.4% വളര്‍ച്ച കൈവരിച്ചു. ഇത് സാമ്പത്തിക രംഗം ശക്തിപ്പെടുന്നതിന്റെ സൂചനയാണ്.
2024-25 ലെ അവസാന പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.4% ആയി ഉയര്‍ന്നപ്പോള്‍, മൊത്തത്തിലുള്ള സാമ്പത്തിക വര്‍ഷത്തെ 6.5% എന്ന വളര്‍ച്ചാനിരക്ക് 4 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയാണ്. 2023-24 ല്‍, ഇന്ത്യയുടെ ജിഡിപി 9.2 ശതമാനം വളര്‍ച്ച കൈവരിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2021-22 ലും 2022-23 ലും സമ്പദ്വ്യവസ്ഥ യഥാക്രമം 8.7 ശതമാനവും 7.2 ശതമാനവും വളര്‍ച്ച കൈവരിച്ചു.
നിലവില്‍ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണ് ഭാരതം. പുതിയ കണക്കുകള്‍ പ്രകാരം സാമ്പത്തിക വര്‍ഷത്തില്‍ കണ്‍സ്ട്രക്ഷന്‍ മേഖല 9.4 ശതമാനവും റിയല്‍റ്റി ആന്‍ഡ് പ്രൊഫഷണല്‍ സര്‍വീസസ് രംഗം 7.2 ശതമാനവും വളര്‍ച്ച കൈവരിച്ചു. നാലാം പാദത്തില്‍ കണ്‍സ്ട്രക്ഷന്‍ രംഗം 10.8 ശതമാനമെന്ന ഗംഭീര വളര്‍ച്ചാനിരക്കാണ് കൈവരിച്ചത്.