തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിൽ തലസ്ഥാനത്ത് സർവത്ര പിഴവുകളും പൊരുത്തക്കേടുകളും. ഒരേ സ്ഥലം ഒന്നിലധികം വാർഡുകളിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്. തിരുവനന്തപുരം നഗരസഭയിൽ വഞ്ചിയൂർ ഇല്ലാത്ത വഞ്ചിയൂർ വാർഡും കണ്ണമ്മൂലയില്ലാതെ കണ്ണമ്മൂല വാർഡും.വാർഡ് വിഭജനം പൂർത്തിയാക്കിയത് പ്രാഥമിക പരിശോധനകൾ പോലും ഇല്ലാതെയെന്നതിന് തെളിവായി അന്തിമ വിജ്ഞാപനം.
തദ്ദേശ വാർഡ് വിഭജനം പൂർത്തിയാക്കിയ ശേഷം പുറത്തിറക്കിയ അന്തിമ വിജ്‍ഞാപനത്തിലാണ് പൊരുത്തക്കേടുകൾ മുഴുവൻ. ഒരു പ്രദേശം ഒന്നിലധികം വാർഡുകളിൽ ഉൾപ്പെടുത്തുന്നത് പോലെയുള്ള നിരവധി തെറ്റുകളാണ് വിജ്‍ഞാപനത്തിൽ കടന്ന് കൂടിയത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ 78ാം നമ്പർ വള്ളക്കടവ് വാർഡിലും 79ാം നമ്പർ ശ്രീവരാഹം വാർഡിലും ഉൾപ്പെടുത്തിയിരിക്കുന്നത് ഒരേ പ്രദേശങ്ങൾ.
വഞ്ചിയൂർ, കണ്ണമ്മൂല വാർഡുകളുടെ പേരായി കൊടുത്തിരിക്കുന്ന പ്രദേശങ്ങളാകട്ടെ മറ്റ് വാർഡുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സമാനമായ നിരവധി പിഴവുകളും അന്തിമ വിജ്ഞാപനത്തിൽ കടന്നുകൂടിയിട്ടുണ്ട്. ഗസറ്റിൽ പ്രഖ്യാപിച്ച വിജ്ഞാപമായതിനാൽ തിരുത്തൽ വരുത്താൻ വീണ്ടും ഡീലിമിറ്റേഷൻ കമ്മീഷൻ യോഗം ചേരേണ്ടി വരും. വാർഡ് വിഭജനം നടത്തുന്നത് സിപിഎമ്മിന് ഗുണകരമാകുന്ന രീതിയിലാണെന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. അത്തരം ആരോപണങ്ങളെക്കൂടിയാണ് അന്തിമ വിജ്ഞാപനത്തിലെ പിഴവുകൾ ശരി വയ്‌ക്കുന്നത്.