ബെംഗളൂരു: 2022-ൽ ഓൾഡ് ഹുബ്ബള്ളിയിൽ നടന്ന കലാപം ഉൾപ്പെടെ 43 ക്രിമിനൽ കേസുകൾ പിൻവലിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി.
ഹുബ്ബള്ളി കലാപം ഉൾപ്പെടെ 43 കേസുകൾ പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ഈ സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് ഗിരീഷ് ഭരദ്വാജ് എന്നയാൾ ഒരു പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ വി അഞ്ജരിയ, ജസ്റ്റിസ് കെ വി അരവിന്ദ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചു.ഇത് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട് .
സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിന്റെ പേരിൽ ഒരു ജനക്കൂട്ടം നിരവധി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സ്വത്തുക്കൾ നശിപ്പിക്കയും ചെയ്ത സംഭവമാണ് 2022 ലെ ഹുബ്ബള്ളി കലാപ കേസ്. ഇതിൽ 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 1984 ലെ പൊതു സ്വത്ത് നശിപ്പിക്കൽ നിയമം, 1988 ലെ മതസ്ഥാപനങ്ങൾ (ദുരുപയോഗം തടയൽ) നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസ് അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ കേസ് ഉപേക്ഷിക്കുന്നത്.
ഈ കേസ് റദ്ദാക്കിയ സർക്കാർ ഉത്തരവ് ക്രിമിനൽ നടപടിക്രമ നിയമത്തിന്റെ ലംഘനമാണെന്ന് ഹർജിക്കാരൻ വാദിച്ചിരുന്നു. അഞ്ജുമാൻ-ഇ-ഇസ്ലാം ഉൾപ്പെടെയുള്ള സംഘടനകളുടെയും ചില രാഷ്‌ട്രീയ നേതാക്കളുടെയും ആവശ്യപ്രകാരമാണ് പിൻവലിക്കൽ ആരംഭിച്ചതെന്നും പ്രധാന നിയമ വകുപ്പുകളുടെ എതിർപ്പുകൾ അവഗണിച്ച് മന്ത്രിസഭാ ഉപസമിതി ഇത് അംഗീകരിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനിൽ നിന്ന് പിന്മാറുന്നതിനുള്ള ഏതൊരു നടപടിയും ആരംഭിക്കാൻ പ്രോസിക്യൂട്ടർക്ക് മാത്രമേ പ്രത്യേകമായി അധികാരമുള്ളൂ. അതിനാൽ, ഈ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ പ്രോസിക്യൂട്ടറോട് നിർദ്ദേശിക്കാൻ സംസ്ഥാന മന്ത്രിസഭയ്‌ക്ക് അധികാരമില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.















