ബെംഗളൂരു: കന്നഡ ഭാഷയുടെ പിറവിയെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ നടൻ കമൽഹാസന്റെ കോലം കത്തിച്ച സംഭവത്തിൽ കന്നഡ സംഘടനാ പ്രവർത്തകനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. ബസവേശ്വരനഗറിലെ പാരഡൈസ് സർക്കിളിന് സമീപത്തായിരുന്നു കമൽഹാസന്റെ പോസ്റ്റർ കത്തിച്ചത്.
മെയ് 28 ന് രാത്രി 11.45 ഓടെ, നമ്മ കർണാടക യുവസേന പ്രസിഡന്റ് രവികുമാർ ആണ് പാരഡൈസ് സർക്കിളിന് സമീപം കമൽ ഹാസന്റെ പോസ്റ്ററുകൾ കത്തിച്ചത് .
ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, രവികുമാറിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 270, 283 വകുപ്പുകൾ പ്രകാരം ഇന്നലെ ബസവേശ്വരനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
“കന്നഡ തമിഴിൽ നിന്നാണ് ജനിച്ചത്” എന്ന തന്റെ പ്രസ്താവനയിൽ തെറ്റില്ലെന്നും അതിനാൽ തൻ മാപ്പു പറയില്ലെന്നും കമൽഹാസൻ പ്രസ്താവിച്ചിട്ടുണ്ട്. കമൽഹാസന്റെ നിലപാടിനെതിരെ കർണാടകയിലെ വിവിധ സംഘടനകളും സാംസ്‌കാരിക പ്രവർത്തകരും രാഷ്‌ട്രീയ നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. കമൽഹാസന്റെ സിനിമ കർണാടകയിൽ പ്രദർശിപ്പിക്കുവാൻ അനുവദിക്കില്ലെന്ന നിലപാടുമായി ഫിലിം ചേംബർ ഓഫ് കോമേഴ്സും രംഗത്തുണ്ട്.















