മുംബൈ: ബോളിവുഡ് നടന്‍ അര്‍ഷാദ് വാര്‍സിക്കും ഭാര്യ മരിയ ഗൊരേറ്റിക്കും ഒരു വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ നിന്ന് വിലക്ക്. സാധന ബ്രോഡ്കാസ്റ്റ് ലിമിറ്റഡുമായി (ഇപ്പോള്‍ ക്രിസ്റ്റല്‍ ബിസിനസ് സിസ്റ്റം ലിമിറ്റഡ്) ഓഹരികളില്‍ കൃത്രിമത്വം നടത്തിയ കേസില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓഹരി വിപണി നിയന്ത്രാതാവായ സെബിയുടെ നടപടി.
സാധന ബ്രോഡ്കാസ്റ്റിന്റെ ഷെയറുകളുടെ വില കൃത്രിമമായി ഉയര്‍ത്തിയ ശേഷം റീട്ടെയില്‍ നിക്ഷേപകര്‍ക്ക് വില്‍ക്കാനായിരുന്നു ഇവരുടെ പദ്ധതി. വിലക്കിനൊപ്പം 5 ലക്ഷം രൂപ വീതം പിഴയടക്കാനും 1.05 കോടി രൂപയുടെ അനധികൃത സമ്പാദ്യം തിരികെ നല്‍കാനും സെബി ഉത്തരവിട്ടു.
ഓഹരികളുടെ വില ഉയര്‍ത്താന്‍ മനീഷ് മിശ്ര എന്ന വ്യക്തിയെയാണ് വാര്‍സി ഉപയോഗിച്ചത്. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മിശ്ര തെറ്റിദ്ധരിപ്പിക്കുന്ന യുട്യൂബ് വീഡിയോകളും പണം ചെലവാക്കിയുള്ള പ്രചാരണങ്ങളും ഉപയോഗിച്ചു. അര്‍ഷാദ് വാര്‍സിയുടെയും ഭാര്യയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 25 ലക്ഷം രൂപ വീതം ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് മിശ്ര വാഗ്ദാനം ചെയ്യുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ സെബി കണ്ടെത്തി.
തങ്ങള്‍ സ്‌റ്റോക്ക് ട്രേഡിംഗില്‍ പുതിയവരാണെന്നും അപകടസാധ്യതകളെക്കുറിച്ച് അറിയില്ലെന്നുമാണ് വാര്‍സിയും ഭാര്യയും അവകാശപ്പെടുന്നത്. എന്നാല്‍ അര്‍ഷാദ് വാര്‍സി സ്വന്തം അക്കൗണ്ടില്‍ നിന്ന് മാത്രമല്ല, ഭാര്യയുടെയും സഹോദരന്റെയും അക്കൗണ്ടുകളില്‍ നിന്നും ട്രേഡ് ചെയ്തിരുന്നതായി സെബി ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട് മൊത്തത്തില്‍, ഏഴ് പേരെ അഞ്ച് വര്‍ഷത്തേക്കും 54 പേരെ ഒരു വര്‍ഷത്തേക്കും സെബി വിലക്കിയിട്ടുണ്ട്. സ്‌റ്റോക്ക് കൃത്രിമത്വം ‘പമ്പ് ആന്‍ഡ് ഡംപ്’ പദ്ധതിയാണെന്ന് സെബി പറഞ്ഞു. തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ച് സാധന ബ്രോഡ്കാസ്റ്റിന്റെ ഓഹരി വില ഉയര്‍ത്തി. തുടര്‍ന്ന് വില ഉയര്‍ന്നപ്പോള്‍ വലിയ അളവില്‍ ഓഹരികള്‍ വിറ്റു.
കമ്പനിയുടെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ ദി അഡ്വൈസര്‍, മിഡ്ക്യാപ് കോള്‍സ്, പ്രോഫിറ്റ് യാത്ര, മണിവൈസ്, ഇന്ത്യ ബുള്ളിഷ് തുടങ്ങിയ യൂട്യൂബ് ചാനലുകള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഭാവിയില്‍ സാധന ബ്രോഡ്കാസ്റ്റ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ഈ ചാനലുകള്‍ പ്രചരിപ്പിച്ചത്. തെറ്റായ അവകാശവാദങ്ങള്‍ പ്രൊമോട്ടര്‍മാര്‍ക്ക് അവരുടെ ഓഹരികള്‍ ഉയര്‍ന്ന വിലയ്‌ക്ക് വില്‍ക്കാന്‍ സഹായിച്ചു.
ഈ പദ്ധതിയിലൂടെ ഗൗരവ് ഗുപ്ത 18.33 കോടി രൂപയും സാധന ബയോ ഓയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് 9.41 കോടി രൂപയും നേടിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇടപാടുകളില്‍ നിന്നുള്ള പണം തിരികെ നല്‍കാന്‍ സെബി ഇരു കക്ഷികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
റീട്ടെയില്‍ നിക്ഷേപകരെ കബളിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ ഉള്ളടക്കവും എങ്ങനെ ദുരുപയോഗം ചെയ്യാമെന്ന് സെബിയുടെ കണ്ടെത്തലുകള്‍ കാണിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ടിപ്‌സ് അടിസ്ഥാനമാക്കി നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നിക്ഷേപകര്‍ ജാഗ്രത പാലിക്കുകയും വസ്തുതകള്‍ പരിശോധിക്കുകയും ചെയ്യണമെന്ന് ഇത് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.















