ചാവക്കാട്: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മുസ്ലീം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ മദ്രസാ അദ്ധ്യാപകന് 37 വർഷം കഠിന തടവും അഞ്ച് ലക്ഷം പിഴയും. മുല്ലശ്ശേരി ബ്ലോക്ക് അംഗം ഷെരീഫ് ചിറയ്‌ക്കലിനെയാണ് (52) ശിക്ഷിച്ചത്. പിഴയടയ്‌ക്കാത്ത പക്ഷം നാലു വർഷവും രണ്ട് മാസവും കൂടി ശിക്ഷ അനുഭവിക്കണം. ചാവക്കാട് പോക്സോ കോടതിയുടെതാണ് വിധി.
മദ്രസാ അദ്ധ്യാപകനാണ് ഷെരീഫ് ചിറയ്‌ക്കൽ. രണ്ടാ പ്രതിയായ പാലക്കാട് വിരമംഗലം സ്വദേശി അബ്ബാസിനോട് കുട്ടി വിവരം വെളിപ്പെടത്തിയെങ്കിലും മറച്ചുവച്ചതിന് 10,000 രൂപ പിഴ വിധിച്ചു. പ്രതികൾ ഒടുക്കുന്ന പിഴ കുട്ടിക്ക് കൈമാറും.
പഠനത്തിലും പാഠ്യേതര പ്രവർത്തനത്തിലും മുൻപന്തിയിലായിരുന്ന കുട്ടി പങ്കെടുക്കാതാവുകയും പഠനത്തിൽ പിന്നോട്ട് പോവുകയും ചെയ്തതിനെ തുടർന്ന് സ്‌കൂളിലെ അദ്ധ്യാപകർ അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് രക്ഷിതാക്കളെയും ചൈൽഡ് ലൈനെയും വിവരം അറിയിക്കുയായിരുന്നു.
പാവറട്ടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ. സി നിഷ സി എന്നിവർ ഹാജരായി.















