തിരുവനന്തപുരം: വാർഡ് വിഭജനത്തിലെ പിഴവുകൾ തിരുത്തി, പുതിയ വിജ്ഞാപനം പുറത്തിറക്കി ഡീലിമിറ്റേഷൻ കമ്മീഷൻ.തിരുത്തിയത് തിരുവനന്തപുരം, കോഴിക്കോട്, കളമശ്ശേരി നഗരസഭകളിലെ പിഴവുകൾ. ഒരേ പ്രദേശം ഒന്നിലധികം വാർഡുകളിൽ ഉൾപ്പെടുത്തിയതടക്കമുള്ള പൊരുത്തക്കേടുകൾ
തദ്ദേശ വാർഡ് വിഭജനം പൂർത്തിയാക്കിയ ശേഷം പുറത്തിറക്കിയ അന്തിമ വിജ്‍ഞാപനത്തിലെ പൊരുത്തക്കേടുകൾ തെളിവ് സഹിതം ജനം ടിവി വാർത്തയാക്കിയതിന് പിന്നാലെയാണ് ഡീലിമിറ്റേഷൻ കമ്മീഷൻ വിജ്ഞാപനം തിരുത്തിയത്.
തിരുവനന്തപുരം, കോഴിക്കോട് കോർപ്പറേഷനുകൾ, കളമശ്ശേരി മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലായിരുന്നു പിഴവുകൾ. തിരുവനന്തപുരത്തെ 25 ഓളം വാർഡുകളുടെ അതിർത്തി നിർണയം പാളിയപ്പോൾ കോഴിക്കോട് രണ്ടായിരത്തോളം വീടുകൾ ഒരു വാർഡിലും ഉൾപ്പെട്ടില്ല. ഒരേ പ്രദേശം ഒന്നിലധികം വാർഡുകളിൽ ഉൾപ്പെടുന്ന സാഹചര്യവുമുണ്ടായി. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ 78ാം നമ്പർ വള്ളക്കടവ് വാർഡിലും 79ാം നമ്പർ ശ്രീവരാഹം വാർഡിലുമായിരുന്നു കൂടുതൽ പിഴവുകൾ.
കളമശ്ശേരി നഗരസഭയിലും നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കൊണ്ടാണ് പുതിയ വിജ്‍ഞാപനം പുറത്തിറക്കിയത്. തെറ്റ് തിരുത്തിയെങ്കിലും അന്തിമ വിജ്ഞാപനത്തിലെ പിഴവുകളിൽ യാതൊരു വിശദീകരണവും ഡീലിമിറ്റേഷൻ കമ്മീഷൻ നൽകിയിട്ടില്ല. കരട് വിജ്ഞാപനം പുറത്തിറക്കി വിവിധ തലങ്ങളിൽ പരിശോധനയും മറ്റും നടത്തിയ ശേഷം പ്രസിദ്ധീകരിച്ച അന്തിമ വിജ്ഞാപനത്തിലാണ് പിഴവുകൾ കടന്ന് കൂടിയതെന്നാണ് വൈരുദ്ധ്യം.















