ആറുവയസുകാരിയായ മകളെ ആചാരത്തിന്റെ പേരിൽ പാരമ്പര്യ വൈദ്യനു വിറ്റ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ് സംഭവം. ഹീനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട റാക്വൽ കെല്ലി സ്മിത്തിനും കാമുകൻ ജാക്വൻ അപ്പോളിസിനും സുഹൃത്ത് സ്റ്റീവാനോ വാൻ റൈനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
2024 ലായിരുന്നു ദക്ഷിണാഫ്രിക്കയെ കോളിളക്കം സൃഷ്ടിച്ച ആറുവയസുകാരി ജോഷ്‌ലിൻ സ്മിത്തിന്റെ തിരോധാനം. പച്ചക്കണ്ണുകളും സൗമ്യമായ പുഞ്ചിരിയുമുള്ള അവളുടെ ചിത്രം കാണുന്നവരുടെ നെഞ്ചുലച്ചു. അമ്മയുടെ ദുഃഖം പരസ്യമായി പ്രകടിപ്പിച്ച് കെല്ലി സ്മിത്തും രാജ്യത്തുടനീളം സഹതാപം നേടി.
എന്നാൽ തിരോധാനത്തിന്റെ ചുരുളഴിച്ച അന്വേഷണത്തിൽ അമ്മ തന്റെ മകളെ പരമ്പരാഗത വൈദ്യനായ ഒരു സാംഗോമയ്‌ക്ക് 20,000 റാൻഡിന് (ഏകദേശം 1,100 ഡോളർ) വിറ്റതായി കോടതി കണ്ടെത്തി. ആചാരപരമായ ആവശ്യങ്ങൾക്കായി ജോഷ്ലിന്റെ ‘കണ്ണുകളും ചർമ്മവും’ വൈദ്യൻ തേടിയതായി സാക്ഷികൾ വെളിപ്പെടുത്തി. മൂവരുടെയും മയക്കുമരുന്ന് ശീലങ്ങൾക്ക് പണം കണ്ടെത്താനാണ് ഈ ഇടപാട് നടത്തിയതെന്ന് വ്യക്തമായി. പ്രതികൾക്ക് അവരുടെ പ്രവൃത്തികളിൽ പശ്ചാത്താപമില്ലെന്നും അവർ ഏറ്റവും കഠിനമായ ശിക്ഷ അർഹിക്കുന്നുവെന്നും ജഡ്ജി ഇറാസ്മസ് തന്റെ വിധി പ്രസ്താവനയിൽ പറഞ്ഞു.















