കൊച്ചി: കരട് വിവാഹമോചനക്കരാർ അയച്ചുവെന്നത് കൊണ്ടു മാത്രം ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താനാകില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. കണ്ണൂർ സ്വദേശിയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സിംഗിൾ ബഞ്ചിന്റെ ഉത്തരവ്.
വിവാഹമോചനാവശ്യം ഉന്നയിച്ചുള്ള രേഖ ഭർതൃവീട്ടുകാർ ഭാര്യയുടെ വീട്ടിലെത്തി കൈമാറി 3 ദിവസത്തിനു ശേഷമാണ് യുവതി ആത്മഹത്യ ചെയ്യുന്നത്. വിവാഹ മോചനക്കരാറിന്റെ കരട് രേഖ കൈമാറിയപ്പോഴേ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും പിന്നീട് ആത്മഹത്യ ചെയ്തെന്നുമായിരുന്നു വീട്ടുകാരുടെ പരാതി. തുടർന്ന് ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.ഈ അന്തിമ റിപ്പോർട്ട് പിന്നീട് കീഴ്‌ക്കോടതിയും ശരിവയ്‌ക്കുകയായിരുന്നു .
എന്നാൽ വിചാരണക്കോടതി നടപടി ചോദ്യം ചെയ്ത് ഭർത്താവ് സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി യുവതി ആത്മഹത്യ ചെയ്തതിൽ ഹർജിക്കാരന് സജീവ പങ്കാളിത്തമുണ്ടെന്ന അഭിപ്രായം പെൺകുട്ടിയുടെ വീട്ടുകാർക്കില്ലെന്ന് വിലയിരുത്തി. കൂടാതെ പ്രോസിക്യൂഷൻ കേസിലും ആത്മഹത്യയിലേക്ക് നയിക്കുകയെന്ന ഉദ്ദേശത്തോടെ വിവാഹ മോചനരേഖ കൈമാറിയതായി പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ നടപടി ഹൈക്കോടതി റദ്ദാക്കിയത്.