കണ്ണൂർ: പാക് ചാരവൃത്തി കേസിൽ അറസ്റ്റിലായ വ്ളോഗർ ജ്യോതി മൽഹോത്ര കഴിഞ്ഞ വർഷം നടത്തിയ കേരള യാത്രയും അന്വേഷണ പരിധിയിൽ. ഏഴ് ദിവസത്തെ യാത്രക്കിടയിൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലും ഇവർ എത്തി. കാങ്കോൽ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിൽ ജ്യോതി മൽഹോത്രയെത്തിയതായാണ് ഇവരുടെ യൂട്യൂബ് വീഡിയോകളിലൂടെ വ്യക്തമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നതായാണ് സൂചന.
ഇന്ത്യൻ നേവിയുടെ സുപ്രധാനമായ ട്രെയിനിങ് സെന്റർ ആയ ഏഴിമല നാവിക അക്കാദമിയും, സിആർപിഎഫിന്റെയും ആർമിയുടെയും ഉൾപ്പെടെ നിരവധി ട്രെയിനിങ് സെന്ററുകളും ഉള്ള സ്ഥലമാണ് കണ്ണൂർ. ആ സ്ഥലത്താണ് ചാരക്കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്ര എത്തിയത് എന്തെങ്കിലും ലക്ഷ്യത്തോടു കൂടിയാണോ എന്നും പരിശോധിക്കും.
ജ്യോതി മൽഹോത്രയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവർ പയ്യന്നൂരിൽ എത്തിയെന്ന് വ്യക്തമായത്. കേരള ടൂറിസത്തിനു പ്രൊമോഷൻ നൽകി കൊണ്ടാണ് ജ്യോതി മൽഹോത്രയുടെ വീഡിയോ ആരംഭിക്കുന്നത്. യാത്രയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിക്കാനും യാത്രയ്‌ക്ക് പിന്നിൽ മറ്റ് ഉദ്ദേശങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.















