തിരുവനന്തപുരം: വേനലവധിക്ക് വിട നൽകി പുതിയ അദ്ധ്യായന വർഷം ഇന്ന് ആരംഭിക്കും. ഒന്നു മുതൽ പ്ലസ്ടുവരെയുള്ള ക്ലാസുകളിലായി 40 ലക്ഷത്തോളം വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തും. സംസ്ഥാനത്ത് മഴ ശക്തമായതിനാൽ സ്കൂളുകൾ നിശ്ചയിച്ച ദിവസം തുറക്കാൻ സാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിലെ കലവൂർ ഗവ.ഹയർ സെക്കൻററി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികൾ എത്തുമെന്നാണ് കണക്കുകൂട്ടൽ. മഴക്കെടുതി മൂലം ആലപ്പുഴിലെ കുട്ടനാട്ടിലും പുറക്കാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
ഈ അദ്ധ്യായന വർഷം മുതൽ എല്ലാം സ്കൂളുകളിൽ പരാതിപ്പെട്ടി സംവിധാനവും നിലവിൽ വരും. നേരത്തെ ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും മാത്രമാണ് ഈ സംവിധാനം ഉണ്ടായിരുന്നത്. പൊലീസ്-എക്സൈസ്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പിടിഎ എന്നിവരുൾപ്പെട്ട സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിനാണ് ഇതിന്റെ ചുമതല.
ആദ്യ രണ്ടാഴ്ച സ്കൂളുകളിൽ സന്മാർഗ പഠനമാണ്. ഈ അദ്ധ്യായന വർഷം മുതൽ ഹൈസ്കൂൾ ക്ലാസുകളുടെ പ്രവൃത്തി സമയം അരമണിക്കൂർ കൂട്ടിയിട്ടുണ്ട്. ഹൈക്കോടതിയുടെ അന്ത്യശാസനക്ക് പിന്നാലെയാണ് പ്രവൃത്തി സമയം കൂട്ടാൻ സർക്കാർ തീരുമാനമെടുത്തത്. രാവിലെ 9.45 മുതൽ വൈകുന്നേരം 4.15 വരെയാണ് സമയം. ഹൈസ്കൂളുകൾക്ക് അദ്ധ്യായന വർഷത്തിലെ ആറ് ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കും. ഇതോടെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം 205 ആയി (1200 മണിക്കൂർ) . യുപി ക്ലാസുകൾക്ക് രണ്ട് ശനിയാഴ്ച പ്രവൃത്തി ദിവസസമായിരിക്കും. ആകെ അദ്ധ്യായന ദിവസം 200 ആയി മാറും (1000 മണിക്കൂർ). എന്നാൽ എൽപി ക്ലാസുകളുടെ അദ്ധ്യായന സമയത്തിൽ മാറ്റമില്ല.















