ന്യൂഡൽഹി: നിയമ വിദ്യാർത്ഥിനിയും യൂട്യൂബറുമായ ശർമിഷ്ഠ പനോലിയുടെ അറസ്റ്റിൽ മമത സർക്കാറിനെതിരെ വ്യാപക വിമർശനവും പ്രതിഷേധവും. ഓൾ ഐസ് ഓൺ ശർമിഷ്ഠ ക്യാമ്പയിന് സോഷ്യൽ മീഡിയയിൽ ശക്തി പ്രാപിക്കുകയാണ്. മമത സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപി കങ്കണ റണാവത്ത് രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് ബംഗാളിനെ മറ്റൊരു ഉത്തരകൊറിയ ആക്കാൻ ശ്രമിക്കുകയാണെന്ന് കങ്കണ ആഞ്ഞടിച്ചു.
‘ജനാധിപത്യ അവകാശങ്ങൾ എല്ലാവർക്കുമുണ്ട്. ക്രമസമാധാനപാലനത്തിന്റെ പേരിൽ ഒരാളെ ഉപദ്രവിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തിയിട്ടും ജയിലിലടച്ചു, കരിയർ ഇല്ലാതാക്കി. ഒരു മകൾക്കും ഇത് സംഭവിക്കരുത്. സംസ്ഥാനത്തെ ഉത്തരകൊറിയയാക്കാൻ ബംഗാൾ സർക്കാർ ശ്രമിക്കരുത്’. കങ്കണ വിമർശിച്ചു. ശർമിഷ്ഠയെ ഉടൻ മോചിപ്പിക്കണമെന്നും ബിജെപി എംപി ആവശ്യപ്പെട്ടു.
മെയ് 30 നാണ് ഗുരുഗ്രാമിൽ നിന്നും യൂട്യൂബർ ശർമിഷ്ഠ പനോലിയെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ശർമിഷ്ഠ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്ക് വച്ചിരുന്നു. എന്നാൽ തന്റെ വാക്കുകൾ ചിലരെ വേദനിപ്പിച്ചു എന്ന് മനസിലാക്കിയ ശർമ്മിഷ്ഠ ക്ഷമാപണം നടത്തുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു . എന്നിട്ടും മമത സർക്കാർ യൂട്യൂബറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജൂൺ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ശർമിഷ്ഠ.















