തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെടുത്ത കേസുകൾ അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
മൊഴി നൽകിയവർക്ക് കേസ് തുടരാൻ താൽപര്യമില്ലാത്തതിനാലാണ് കേസുകൾ
അവസാനിപ്പിക്കുന്നത്. 35 കേസുകളിൽ 21 കേസുകൾ അവസാനിപ്പിച്ചതായി അന്വേഷണ സംഘം റിപ്പോർട്ട് നൽകി. ബാക്കിയുളള 14 കേസുകൾ കൂടി ഈ മാസം അവസാനിപ്പിക്കും.
മലയാള സിനിമാരംഗത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചതായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടും, തുടർന്നുള്ള വിവാദങ്ങളും. മൊഴികൾ നൽകിയവരുടെ സ്വകാര്യത മാനിച്ച് രഹസ്യ സ്വഭാവത്തിലായിരുന്നു റിപ്പോർട്ട് കൈമാറിയത്. വിവരാവകാശ കമ്മീഷൻ ഉത്തരവിനെ തുടർന്ന് റിപ്പോർട്ടിലെ ചില ഭാഗങ്ങൾ പുറത്തുവിട്ടിരുന്നു. റിപ്പോർട്ടിന് പിന്നാലെ കൂടുതൽ സ്ത്രീകൾ നിരവധി നടന്മാർക്കെതിരെ വെളിപ്പെടുത്തലുമായി എത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കേസുകളും രജിസ്റ്റർ ചെയ്തു. കേസുകമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നായിന്നു പൊലീസ് നൽകിയ നോട്ടീസുകൾ ലഭിച്ച മറുപടി.
കോടതിയിൽ മൊഴി നൽകാനും പലരും താൽപര്യം കാണിച്ചില്ല. 40 കേസുകളാണ് വിവിധ പരാതികളിൽ എടുത്തത്. 30 ഓളം കേസുകളിൽ കുറ്റപത്രം നൽകി. മുകേഷ്, സിദ്ദിഖ്, മണിയൻ പിള്ള എന്നിവർക്കെതിരായ കേസുകളിലെല്ലാം കുറ്റപത്രം നൽകി. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് ഈ മാസം കോടതിയിൽ നൽകുന്നതോടെ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കേസുകൾ അവസാനിപ്പിക്കും.















