വാഷിംഗ്ടൺ: അമേരിക്കയിലെ കൊളറാഡോ നഗരത്തിലെ പേൾ സ്ട്രീറ്റിൽ ഇന്നലെ നടത്തിയ സമാധാന റാലിക്ക് നേരെ പെട്രോൾ ബോംബാക്രമണം.
ഹമാസ് തീവ്രവാദ സംഘടനതടവിലാക്കിയ ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമാധാനപരമായ റാലി നടന്നത്. അമേരിക്കയിൽ താമസിക്കുന്ന നിരവധി ഇസ്രായേലികളും, ജൂതന്മാരും, ഇസ്രായേൽ അനുകൂലികളും ഈ റാലിയിൽ പങ്കെടുത്തു.
റാലി സമാധാനപരമായി മുന്നേറവെ പെട്ടെന്ന് ഒരാൾ റാലിക്കിടയിലേക്ക് പ്രവേശിച്ച് അവിടെയുണ്ടായിരുന്ന ആളുകൾക്ക് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞു. ആക്രമണത്തിൽ പെട്രോൾ ബോംബുകൾ പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്തതോടെ റാലിയിൽ പങ്കെടുത്ത ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ‘പലസ്തീനെ സ്വതന്ത്രമാക്കുക ‘ എന്ന മുദ്രാവാക്യം വിളിച്ച ഒരാളാണ് ആക്രമണം നടത്തിയത്. സംഭവസ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെട്രോൾ ബോംബ് ആക്രമണം നടത്തിയ മുഹമ്മദ് സുലൈമാൻ (വയസ്സ് 45) എന്നയാളെ അറസ്റ്റ് ചെയ്തു. പോലീസ് ഇതൊരു ഭീകരാക്രമണമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് . അറസ്റ്റിലായ വ്യക്തിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഗസ്സയിലെ ഇസ്രായേലി തടവുകാരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ‘റൺ ഫോർ ദെയർ ലൈവ്സ്’ എന്ന സന്നദ്ധ സംഘടനയാണ് പരിപാടി ആസൂത്രണം ചെയ്തിരുന്നത്. പരിപാടിക്കായി നിരവധി ആളുകള്‍ കൂടിയിരിക്കെയാണ് അക്രമി സ്ഫോടക വസ്തു എറിഞ്ഞത്.സ്ഫോടക വസ്തു എറിയുന്നതിനിടെ അക്രമിക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞയാഴ്ച അമേരിക്കയിലെ ജൂത മ്യൂസിയത്തിനു മുന്നിൽ ഇസ്രയേൽ എംബസിയിലെ 2 ജീവനക്കാർ വെടിയേറ്റ് മരിച്ചിരുന്നു.















