ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബും റെസ്റ്റോറന്റുമായ ‘വൺ8 കമ്മ്യൂൺ’ നിയമകുരുക്കിൽ. സ്ഥാപനത്തിൽ പുകവലിക്കാൻ പ്രത്യേകം മേഖല ഇല്ലാത്തതാണ് കാരണം. സിഗരറ്റ്, മറ്റ് പുകയില ഉൽപ്പന്ന നിയമത്തിലെ (COTPA) വ്യവസ്ഥകൾ ലംഘിച്ചതിന് കബ്ബൺ പാർക്ക് പൊലീസ് റസ്റ്റോറന്റിനെതിരെ സ്വമേധയാ കേസെടുത്തു.
റസ്റ്റോറന്റിൽ പുകവലിക്കുന്നതിനായി ഒരു നിയുക്ത മേഖല ഇല്ലാത്തതിന് COTPA യുടെ സെക്ഷൻ 4 ഉം 21 ഉം പ്രകാരമാണ് പബ്ബിനെതിരെ കേസെടുത്തിരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ ചില സ്ഥലങ്ങളിൽ പുകവലിക്കുന്നതിനായി നിയുക്ത മേഖലകൾ വേണമെന്ന് ഈ നിയമം അനുശാസിക്കുന്നുണ്ട്.
കർണാടക സർക്കാർ ഹുക്ക ബാറുകൾ പൂർണ്ണമായും നിരോധിക്കുകയും പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 18 ൽ നിന്ന് 21 വയസായി ഉയർത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് നടപടി.
‘വൺ8 കമ്മ്യൂൺ’ നിയമക്കുരുക്കിൽ അകപ്പെടുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം ജൂണിൽ, നിശ്ചിത സമയത്തിനപ്പുറം പ്രവർത്തിച്ചതിന് പബ്ബിനും റസ്റ്റോറന്റിനുമെതിരെ കേസ് ഫയൽ ചെയ്തു. തുടർന്ന്, ഡിസംബറിൽ, അഗ്നി സുരക്ഷാ ലംഘനങ്ങളും അഗ്നിശമന വകുപ്പിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും ആരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (BBMP) സ്ഥാപനത്തിന് നോട്ടീസ് നൽകിയിരുന്നു.















