ധാക്ക : ജമാഅത്തെ ഇസ്ലാമി പാർട്ടിയുടെ വിലക്ക് ബംഗ്ലാദേശ് സുപ്രീം കോടതി നീക്കി, പാർട്ടിയുടെ രജിസ്ട്രേഷൻ ഞായറാഴ്ച പുനഃസ്ഥാപിച്ചു. ഇതോടെ രാജ്യത്ത് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവർക്ക് അനുമതി ലഭിച്ചു. ഉത്തരവ് കാലതാമസമില്ലാതെ നടപ്പിലാക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു.
അട്ടിമറിക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ സർക്കാറിന്റെ കാലത്ത് 2013 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു അവരുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടത്. ഈ നടപടി പുനഃപരിശോധിക്കണമെന്ന് പാർട്ടി അപ്പീൽ നൽകിയിരുന്നു .
170 ദശലക്ഷം ജനങ്ങളുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് “ജനാധിപത്യപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ബഹുകക്ഷി സംവിധാനം” ഈ വിധി അനുവദിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി അഭിഭാഷകൻ ശിശിർ മോനിർ പറഞ്ഞു.
“വംശീയതയോ മതപരമായ സ്വത്വമോ പരിഗണിക്കാതെ ബംഗ്ലാദേശികൾ ജമാഅത്തിന് വോട്ട് ചെയ്യുമെന്നും പാർലമെന്റ് ക്രിയാത്മകമായ ചർച്ചകളാൽ ഊർജ്ജസ്വലമാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” മോനിർ മാധ്യമപ്രവർത്തകരോട് തുടർന്ന് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ പ്രധാന നേതാക്കളിൽ ഒരാളായ എ.ടി.എം. അസ്ഹറുൽ ഇസ്ലാമിനെതിരായ വധശിക്ഷ ചൊവ്വാഴ്ച കോടതി റദ്ദാക്കിയിരുന്നു. 1971-ൽ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയെടുക്കാൻ ബംഗ്ലാദേശ് നടത്തിയ സമരത്തിനിടെ പാകിസ്താന്റെ ഭാഗം ചേർന്ന് കൊണ്ട് ബലാത്സംഗം, കൊലപാതകം, വംശഹത്യ എന്നീ കുറ്റങ്ങൾ ചെയ്തതിനാണ് 2014-ൽ അസ്ഹറുൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്.
ബംഗ്ലാദേശ് യുദ്ധസമയത്ത് ജമാഅത്തെ ഇസ്ലാമി പാകിസ്ഥാനെ പിന്തുണച്ചിരുന്നു. ഹസീന തന്റെ ഭരണകാലത്ത് ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കുകയും അതിന്റെ നേതാക്കളെ കർശനമായി നിയന്ത്രിക്കുകയും ചെയ്തിരുന്നു.















