തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസിൽ പ്രതി അഡ്വ : ബെയ്ലിൻ ദാസിന് വഞ്ചിയൂർ പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയ്ലിൻ ദാസിന്റെ ഹർജി കോടതി തള്ളി. മുൻപ് ഇയാൾക്ക് ജാമ്യം നൽകിയപ്പോൾ ഉപാധികളോടെയായിരുന്നു പ്രതി ബെയിലിൻ ദാസിന് കോടതി ജാമ്യം അനുവദിച്ചത്. രണ്ടു മാസത്തേക്ക് വഞ്ചിയൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നായിരുന്നു വ്യവസ്ഥ.
വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ ദാസ് അതിക്രൂരമായി മർദിച്ച കേസിലാണ് ഇപ്പോഴത്തെ നടപടി. ശ്യാമിലിയുടെ ഇടതു കവിളിൽ രണ്ടു തവണ ബെയ്‌ലിന്‍ അടിച്ചു ഗുരുതര പരിക്കേൽപ്പിച്ചിരുന്നു. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദിച്ചുവെന്ന് ശ്യാമിലി മൊഴി നൽകി.
തുടർന്ന് ദാസിനെ അഭിഭാഷക വൃത്തി തുടരാൻ അനുവദിക്കില്ലെന്ന് ബാർ കൗൺസിൽ അറിയിച്ചിരുന്നു. അടിയന്തര ബാർ കൗൺസിൽ യോഗം ചേർന്നാണ് നടപടി എടുത്തത്.















