ന്യൂഡൽഹി: 2026 ഓടെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാകും. രണ്ട് വർഷത്തിനകം കൂടുതൽ ‘സുദർശൻ ചക്ര’ (എസ്-400 ട്രയംഫ്) സേനയുടെ ഭാഗമാകും. ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും നൂതനവും ശക്തവുമായ വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നാണ് റഷ്യൻ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400. സുദർശന ചക്ര എന്നാണ് ഇതിന് ഇന്ത്യ നൽകിയ പേര്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താൻ തൊടുത്തുവിട്ട ഡ്രോണുകളെയും മിസൈലുകളെയും ഇന്ത്യ തടഞ്ഞത് എസ്-400 ഉപയോഗിച്ചാണ്. എസ്-400 ട്രയംഫ് സമയബന്ധിതമായി കൈമാറുമെന്ന് ഇന്ത്യയിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ റോമൻ ബാബുഷ്കിൻ സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയുടെ കടുത്ത അതൃപ്തി മറികടന്നാണ് ഇന്ത്യ എസ്-400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയത്. 5.35 ബില്യണിന്റ കരാർ 2018 ലാണ് ഒപ്പുവച്ചത്. 2021 ഡിസംബറിലാണ് ആദ്യ ബാച്ച് ഇന്ത്യയിൽ എത്തിയത്. 2022 ഏപ്രിലിലും 2023 ഒക്ടോബറിലുമായി രണ്ട് യൂണിറ്റുകൾ കൂടി വിതരണം ചെയ്തു.
പാക്-ചൈന അതിർത്തിയിൽ നിലവിൽ മൂന്ന് യൂണിറ്റുകളാണ് വിന്യസിച്ചിട്ടുളളത്. പ്രത്യേക പ്രദേശത്ത് ഒരു കവചമായി ഇവയ്‌ക്ക് പ്രവര്‍ത്തിക്കാന്‍ ഇവയ്‌ക്ക് കഴിയും. നുഴഞ്ഞുകയറ്റ വിമാനങ്ങള്‍, ആളില്ലാ വിമാനങ്ങള്‍, ക്രൂയിസ് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെയും ഇവ നിഷ്പ്രഭമാക്കും. ബാക്കിയുള്ളവ കൂടി എത്തുന്നതോടെ അതിർത്തിയിലെ പ്രതിരോധം കൂടുതൽ ശക്തിപ്പെടും.















