ചെന്നൈ: തമിഴ്നാട്ടിലെ പൊളളാച്ചിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. അഷ്‍വിക (19) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായിരുന്നു പ്രവീൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊയമ്പത്തൂരിലെ സ്വകാര്യ കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് അഷ്‍വിക. വർഷങ്ങളായി പൊള്ളാച്ചി വടുകപാളയത്തിലാണ് പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇവരുടെ അയൽക്കാരനായിരുന്ന പ്രതി ഒരു വർഷം മുമ്പാണ് ഉദുമൽപേട്ടിലേക്ക് താമസം മാറിയത്. അണ്ണമലയാർ നഗറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാൾ. പെൺകുട്ടിയോട് പ്രതി നിരവധി തവണ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. പെൺകുട്ടി ഇത് നിരസിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഈ സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയുമായി തർക്കിക്കുകയും കയ്യിൽ കരുതിയ പേനാക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പേനാക്കത്തി ഒടിഞ്ഞതിന് പിന്നാലെ അടുക്കളയിൽ കയറി വെട്ടുകത്തിയെടുത്ത് പെൺകുട്ടിയുടെ മുഖത്തും കഴുത്തിനും കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു.
സ്കൂട്ടർ എടുക്കാൻ വീട്ടിലെത്തിയ പിതാവാണ് ചോരയിൽ കുളിച്ച നിലയിൽ മകളെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ യുവാവ് പൊള്ളാച്ചി വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.















