വാഷിംഗ്ടൺ: യുഎസിലെ കൊളറാഡോ നഗരത്തിൽ സമാധാന റാലിക്ക് നേരെ പെട്രോൾ ബോംബാക്രമണം നടത്തിയ ഭീകരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു വർഷം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഈജിപ്ഷ്യൻ പൗരനായ മുഹമ്മദ് സാബ്രി സോളിമൻ ( 45) ആക്രമണം നടത്തിയത്. യുഎസ് പൗരത്വമില്ലാത്തതിനാൽ തോക്കുകൾ വാങ്ങാൻ സാധിച്ചില്ലെന്നും അതിനാലാണ് മൊളോടോവ് കോക്ക്ടെയിൽ ഉപയോഗിച്ചതെന്നും ഇയാൾ മൊഴി നൽകി.
ഞായറാഴ്ചയാണ് ഇസ്രയേലി പൗരൻമാർ നടത്തിയ റാലിക്ക് നേരെ ഭീകരാക്രണമുണ്ടായത്. സ്വതന്ത്ര പാലസ്തീൻ എന്ന് ആകോശിച്ചാണ് പ്രതി ആൾക്കൂട്ടത്തിന് നേരെ ബോംബെറിഞ്ഞത്. ഇസ്രായേൽ അനുകൂല സംഘടനയായ റൺ ഫോർ ദെയർ ലൈവ്സാണ് റാലി സംഘടിപ്പിച്ചത്. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.
‘ ഒരു വർഷമായി മുഹമ്മദ് സാബ്രി സോളിമൻ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു. മകൾ ഹൈസ്കൂൾ പഠനം പൂർത്തിയാക്കാനാണ് പ്രതി കാത്തിരുന്നത്. “എല്ലാ സയണിസ്റ്റുകളെയും കൊല്ലാൻ” പ്രതി ആഗ്രഹിച്ചു. യൂട്യൂബ് വീഡിയോ നോക്കിയാണ് ബോംബ് നിർമിക്കാൻ പഠിച്ചത്’, പ്രൊസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. കൊലപാതകശ്രമം, ആക്രമണം, വിദ്വേഷ കുറ്റകൃത്യം എന്നിവയുൾപ്പെടെ 384 വർഷം വരെ തടവ് ലഭിക്കുന്ന വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ബൗൾഡർ കൗണ്ടി ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.
ടൂറിസ്റ്റ് വിസയിലാണ് സോളിമൻ യുഎസിൽ എത്തിയതെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ആക്ടിംഗ് ഡയറക്ടർ ടോഡ് ലിയോൺസ് പറഞ്ഞു. വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തുടരുകയായിരുന്നു. ഭാര്യയ്‌ക്കും അഞ്ച് മക്കൾക്കുമൊപ്പം കൊളറാഡോ സ്പ്രിംഗ്‌സിലാണ് താമസം. 17 വർഷം കുവൈറ്റിൽ ജോലി ചെയ്തിരുന്ന പ്രതി മൂന്ന് വർഷം മുമ്പാണ് യുഎസിൽ എത്തിയത്, അദ്ദേഹം വ്യക്തമാക്കി.















