ബംഗളുരു: കന്നഡ ഭാഷാ വിവാദത്തിൽ കുരുങ്ങി റിലീസ് അനിശ്ചിതത്വത്തിലായ മണിരത്നം സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ ചിത്രമായ തഗ് ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ട് കമൽഹാസന്റെ രാജ് കമൽ ഇന്റർനാഷണൽ സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈക്കോടതി ഇന്ന് വാദം കേൾക്കും.കർണാടക ഫിലിം ചേംബറാണ് ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ തമിഴ് ഭാഷയിൽ നിന്നാണ് കന്നഡ പിറന്നതെന്ന കമൽഹാസന്റെ പരാമർശമാണ് വിവാദത്തിലായത്.
നിരോധനം നിയമവിരുദ്ധമാണെന്നും റിലീസ് തീയതിയിൽ തന്നെ പ്രദർശനാനുമതി നൽകണമെന്നുമാണ് രാജ്കമൽ ഇന്റർനാഷണിലിന്റെ ഹർജിയിലെ ആവശ്യം. കമൽഹാസൻ മാപ്പുപറയാതെ ചിത്രം പ്രദർശിപ്പിക്കില്ലെന്ന നിലപാടിലാണ് കർണാടക ഫിലിം ചേംബർ. വിതരണക്കാരും തിയേറ്റർ ഉടമകളും ചിത്രം പ്രദർശിപ്പിക്കില്ലെന്ന് അറിയിച്ചതായും ചേംബർ അധികൃതർ വ്യക്തമാക്കി. ജൂൺ 5-നാണ് തഗ് ലൈഫിന്‍റെ ആഗോള റിലീസ്.
തഗ് ലൈഫ്’ എന്ന സിനിമയുടെ റിലീസ് തടയരുതെന്ന് കർണാടക സർക്കാരിനോടും, പോലീസ് വകുപ്പിനോടും, കന്നഡ സിനിമാ ചേംബർ ഓഫ് കൊമേഴ്‌സിനോടും ഉത്തരവിടാൻ ഹർജിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ ചിത്രം റിലീസ് ചെയ്യുന്ന തിയേറ്ററുകൾക്ക് മതിയായ പോലീസ് സുരക്ഷ ഒരുക്കാൻ പോലീസ് വകുപ്പിനോട് ഉത്തരവിടാനും അഭ്യർത്ഥിച്ചിട്ടുണ്ട്. ഹർജി ഇന്ന് (ചൊവ്വാഴ്ച) വാദം കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു.















