കാണാതായ 18-കാരിയെ സൗത്ത് ഡൽഹിയിലെ മെഹ്റോളിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബികോം വിദ്യാർത്ഥിയായി ആർഷ്കൃത് സിംഗ് എന്ന 18-കാരനെയാണ് പൊലീസ് പിടികൂടിയത്. ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിൽ ബിഎ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സംശയിച്ചും അതിന്റെ അസൂയ കാരണവുമായിരുന്നു കൊല. കുത്തിയും കഴുത്തു ഞെരിച്ചുമാണ് യുവതിയെ കൊലപ്പെടുത്തിയത്. പിന്നീട് പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കാനും ഇയാൾ ശ്രമിച്ചു.
പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. രാവിലെ ക്ലാസിന് പോയ മകൾ മടങ്ങിയെത്തിയില്ലെന്നായിരുന്നു പരാതി. ഉച്ചയ്‌ക്ക് ശേഷം മാതാവിനെ വിളിച്ച് താൻ ഉടനെ മടങ്ങിയെത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ വൈകിട്ട് പ്രതിയുടെ പിതാവിൽ നിന്നാണ് യുവതിയുടെ മാതാവിന് ഒരു ഫോൺ വരുന്നത്. മകനെ സഞ്ജയ് വാനിൽ വച്ച് യുവതി ആക്രമിച്ചെന്നും അയാൾ, പിതംപുരയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നുമായിരുന്നു വിവരം.
ഇതിന് ശേഷം പെൺകുട്ടിയുടെ സഹോദരി പ്രതിയ വിളിച്ച് വിവരം ചോദിച്ചപ്പോൾ, യുവതി തന്നെ കുത്തിയെന്ന് പറഞ്ഞു. ഇയാൾ പറഞ്ഞ സ്ഥലത്ത് എത്തിയെങ്കിലും ഇവിടെ യുവതിയെ കണ്ടെത്താനായില്ല. ഇതിനിടെ പെൺകുട്ടിയും യുവാവും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ള വീട്ടുകാർ തട്ടിക്കൊണ്ടപോകലിന് പരാതി നൽകി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആർഷ്കൃതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. മറ്റു പുരുഷന്മാരുമായി സംസാരിക്കുന്നത് വിലക്കിയിരുന്ന പ്രതി, യുവതിക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന് സംശയിച്ചു. ഇതിന്റെ പേരിൽ പ്രശ്നങ്ങളും പതിവായിരുന്നു.പിന്നീട് വീട്ടുകാർ ഇടപെട്ട് ഇരുവരോടും സംസാരിക്കരുതെന്നും സൗഹൃദം പുലർത്തരുതെന്നും നിർദേശിച്ചിരന്നു. എന്നാൽ ഇടയ്‌ക്കിടെ പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പതിവായിരുന്നു.