ന്യൂഡൽഹി: പ്രതിരോധ സേനകളോടുള്ള ആദരവും രാജ്യത്തിന്റെ ഐക്യവും സൂചിപ്പിക്കുന്ന സ്മാരക നിർമ്മിക്കാൻ ഒരുങ്ങി ഗുജറാത്ത് സർക്കാർ. സിന്ദൂർ വനം എന്ന പേരിൽ പാകിസ്ഥാൻ അതിർത്തിയിലെ കച്ച് ജില്ലയിൽ 20 ഏക്കറോളം ഭൂമിയിലാണ് സ്മാരകം ഉയരുക. പഹൽഗാം ഭീകരാക്രമണത്തിൽ ഇരകൾക്കായവർക്കായി സിന്ദൂർ വനത്തിൽ പ്രത്യേക സ്മാരകം ഉണ്ടാകും.
ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായ മുഴവൻ സേന വിഭാഗങ്ങളോടുമുള്ള ആദരവാണ് സിന്ദൂർ വനം. അതിർത്തി ജില്ലയായ കച്ചിലെ ഭുജ്-മാണ്ഡ്വി റോഡിൽ മിർസാപറിൽ ഗുജറാത്ത് വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പദ്ധതി നടപ്പാക്കുക. ഒന്നര വർഷത്തിനുള്ളിൽ സ്മാരകം പൂർത്തീകരിക്കണമെന്ന ലക്ഷ്യത്തിൽ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഓപ്പറേഷൻ സിന്ദൂരിനെ അടിസ്ഥാനമാക്കിയുള്ള ഒരു തീം അധിഷ്ഠിത സ്മാരകമാണ് വനം വകുപ്പ് ലക്ഷ്യം വെക്കുന്നത്. കാലാവസ്ഥയ്‌ക്കും മണ്ണിനും അനുയോജ്യമായ 35 ഇനം സസ്യങ്ങളെ ഹെക്ടറിന് 10,000 എന്ന കണക്കിൽ നട്ട് വളർത്തി ഔഷധസസ്യങ്ങളും,മരങ്ങൾ ഉൾപ്പെടുന്ന ചെറു വനം സൃഷ്ടിക്കും. അവിടെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചിത്രങ്ങളും സിന്ധൂരിൽ വിവിധ സേനാ വിഭാഗങ്ങൾ ഉപയോഗിച്ച ആയുധങ്ങളുടെയും പ്രതിരോധ സംവിധാനങ്ങളുടെയും വിമാനങ്ങളുടെയും മാതൃകയും സ്ഥാപിക്കും.
പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് ഗുജറാത്ത് സ്വദേശികൾ അടക്കമുള്ളവരുടെ സ്മാരകവും പദ്ധതിയുടെ ഭാഗമാണ്.ഓപ്പറേഷൻ സിന്ദൂരിനുശേഷം ഗുജറാത്ത് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പൊതുയോഗം നടന്ന സ്ഥലവും പദ്ധതിയുടെ ഭാഗമായി ഉൾകൊള്ളിച്ചെന്ന് കച്ച് ജില്ല കളക്ടർ ആനന്ദ് പട്ടേൽ വ്യക്തമാക്കി.















