തിരുവനന്തപുരം :സംസ്ഥാനത്തെ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ അതിരുവിടുന്നുവെന്ന് കേരളം സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ പി എസ് ഗോപകുമാർ
“കെ ടി യു വിന് പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലും മന്ത്രി, തനിക്ക് ഇല്ലാത്ത അധികാരം പ്രയോഗിച്ചിരിക്കുകയാണ്. കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിൽ ഡയറക്ടർ നിയമനം സംബന്ധിച്ച പരാതി അന്വേഷിക്കാൻ സർവകലാശാലാ രജിസ്ട്രാറെ വിളിച്ചു വരുത്താനുള്ള ഉന്നത വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയുടെ നീക്കം സംസ്ഥാനത്ത് ആദ്യമാണ്. സർവകലാശാലകളിലെ നിയമനങ്ങൾ സംബന്ധിച്ച പരാതികളിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അന്വേഷിക്കാൻ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്കോ സർക്കാരിനോ അധികാരമില്ല. സർവകലാശാലാ ഭരണത്തിൽ ചാൻസലർക്ക് മാത്രമുള്ള അധികാരമാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.
കെ ടി യു വിൽ, എസ് എഫ് ഐ നേതാവിന്റെ പരാതിയിൽ അന്വേഷണത്തിന് അണ്ടർ സെക്രട്ടറിയെ അയച്ചതിന് പിന്നാലെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും മന്ത്രിയുടെ അമിതാധികാര പ്രയോഗം. സർവകലാനിയമ ഭേദഗതി ബിൽ രാജ്ഭവന്റെ പരിഗണനയിലിരിക്കെ, വിജ്ഞാപനമിറക്കി സർവകലാശാലകളെ സർക്കാർ വരുതിയിലാക്കിയിരിക്കുന്നതായി വേണം ഇത്തരം നടപടികളിൽ നിന്ന് മനസിലാക്കാൻ”.
പി എസ് ഗോപകുമാർ പ്രസ്താവനയിൽ പറഞ്ഞു