ധാക്ക: രാഷ്‌ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബ് റഹ്മാന്റെ ചിത്രം ഒഴിവാക്കി പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കിയിരിക്കുകയാണ് ബംഗ്ലാദേശിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. മുജീബ് റഹ്മാന് പകരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും ചരിത്ര സ്മാരകങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ കറന്‍സി പുറത്തിറക്കിയത്. ഇതിൽ 2015-ൽ ഭീകരരുടെ ബോംബാക്രമണത്തെ അതിജീവിച്ച കാന്തജെവ് ക്ഷേത്രവും ഉൾപ്പെടുന്നു.
ജൂൺ ഒന്നിന് പുറത്തിറക്കിയ 20 ന്റെ ടാക്ക കറൻസിയിലാണ് കാന്താജേവ് ക്ഷേത്രത്തിന്റെ ചിത്രമുള്ളത്. സമ്പന്നമായ വാസ്തുവിദ്യാ പാരമ്പര്യത്തിന് പേരുകേട്ട കാന്താജെവ് ക്ഷേത്രം കാന്താജി ക്ഷേത്രം അല്ലെങ്കിൽ കാന്താനഗര്‍ ക്ഷേത്രം എന്നും അറിയപ്പെടുന്നു. കാന്ത അല്ലെങ്കിൽ കൃഷ്ണന്റെ ഒരു രൂപമായ കാന്തജിയിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. ഇതൊരു മനോഹരമായ ടെറാക്കോട്ട സ്മാരകമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച കാന്തജെവ് ക്ഷേത്രം ഭഗവാൻ കൃഷ്ണനും അദ്ദേഹത്തിന്റെ രാജ്ഞി രുക്മിണിക്കും സമർപ്പിച്ചിരിക്കുന്നതാണെന്ന് യുഎൻബി റിപ്പോർട്ടിൽ പറയുന്നു.
1704-ൽ ദിനാജ്പൂരിലെ മഹാരാജ പ്രണനാഥ് ആണ് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്, 1752-ൽ അദ്ദേഹത്തിന്റെ മകൻ മഹാരാജ രാംനാഥ് ഇത് പൂർത്തിയാക്കി. ഇന്നും ബംഗ്ലാദേശിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്.

2015 ഡിസംബറിൽ ഭക്തർ റാഷ് മേള ആഘോഷിക്കുന്നതിനിടെ ന്യൂ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) ഭീകരർ കാന്താജെവ് ക്ഷേത്രം ആക്രമിച്ചു. സിറിയ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുബന്ധ സംഘടനയാണ് ന്യൂ ജെഎംബി. ഇന്ത്യയിലും ഓസ്‌ട്രേലിയയിലും മറ്റ് രാജ്യങ്ങളിലും നിരോധിക്കപ്പെട്ട ഭീകര സംഘടനയാണിത്. കാലക്രമേണ കാന്താജെവ് ക്ഷേത്രത്തിന്റെ പരിസരത്ത് ഒരു പള്ളിയും ഉയർന്നുവരികയായിരുന്നു. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തിനും ഇത് സാക്ഷ്യം വഹിച്ചു.















