പ്രശസ്ത എഴുത്തുകാരനും ചരിത്രകാരനുമായ വിക്രം സമ്പത്തിന്റെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അധിഷ്ഠിത സ്റ്റാര്‍ട്ടപ്പ് ശ്രദ്ധ നേടുന്നു. ഭാരത സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന ഏടായ വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ജീവചരിത്രത്തിലൂടെ ആഗോള ശ്രദ്ധ നേടിയ എഴുത്തുകാരനാണ് വിക്രം സമ്പത്ത്. പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് വന്‍വരവേല്‍പ്പായിരുന്നു സാഹിത്യലോകത്ത് നിന്ന് ലഭിച്ചത്.
പുസ്തകങ്ങളുടെ വിവര്‍ത്തനം അതിവേഗത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് സഹായിക്കുന്ന എഐ സംരംഭത്തിനാണ് സമ്പത്ത് തുടക്കമിട്ടിരിക്കുന്നത്. വളരെ വേഗത്തില്‍, തെറ്റുകളില്ലാതെ, കാര്യക്ഷമതയോടെ പുസ്തക വിവര്‍ത്തനം സാധ്യമാക്കുകയാണ് നാവ് എഐ (NAAV AI) എന്ന സ്റ്റാര്‍ട്ടപ്പ് ലക്ഷ്യമിടുന്നത്.
ഇംഗ്ലീഷ് എഴുത്തുകാരനായ സമ്പത്തിന്റെ പുസ്തകങ്ങള്‍ പ്രാദേശിക ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാന്‍ എടുക്കുന്ന കാലതാമസമാണ് ഇത്തരമൊരു സംരംഭക ആശയത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ബംഗളൂരുവില്‍ ജീവിക്കുന്ന തനിക്ക്, തന്റെ പുസ്തകം കന്നടയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിന് 15-16 വര്‍ഷമെടുത്തെന്ന് അദ്ദേഹം പറയുന്നുണ്ട്.
ഇലക്ട്രിക് ടൂ വീലര്‍ സ്റ്റാര്‍ട്ടപ്പായ ഓലയുടെ സ്ഥാപകന്‍ ഭവീഷ് അഗര്‍വാളും പ്രമുഖ വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റായ ആശ ജഡേജയും സമ്പത്തിന്റെ സ്റ്റാര്‍ട്ടപ്പിന് സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്. എന്‍ജിനീയറായ സന്ദീപ് സിംഗ് ചൗഹാനുമായി ചേര്‍ന്നാണ് വിക്രം സമ്പത്ത് സ്റ്റാര്‍ട്ടപ്പ് തുടങ്ങിയിരിക്കുന്നത്. ഹിന്ദി, കന്നഡ, മറാത്തി, തമിവ്, തെലുഗു, മലയാളം ഭാഷകളിലേക്കുള്ള പുസ്തക വിവര്‍ത്തനങ്ങള്‍ അതിവേഗത്തിലാക്കുകയാണ് സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം.
ഇതിനായി നിലവിലുള്ള എഐ മോഡലുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുമെന്നാണ് വിവരം. ഇതിനോടകം തന്നെ നിരവധി മുന്‍നിര പ്രസാധകര്‍ കമ്പനിയുടെ ഉപഭോക്തക്കളായി മാറിയിട്ടുണ്ട്.















