ലക്നൗ: കുരങ്ങനെയോടിക്കാൻ എറിഞ്ഞ കോടാലി കഴുത്തിൽകൊണ്ട് രണ്ട് വയസുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. കുട്ടിയുടെ അച്ഛനാണ് കുരങ്ങനെയോടിക്കാൻ കോടാലി എറിഞ്ഞത്. ലഖൻ സിംഗിന്റെ മകൻ ആരവാണ് മരിച്ചത്.
വീടിനകത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടി. കുഞ്ഞിനെ ലക്ഷ്യമിട്ട് വീടിനുള്ളിൽ കയറാൻ കുരങ്ങുകൾ ശ്രമിച്ചു. ഇത് കണ്ട പിതാവ് കുഞ്ഞിനെ ആക്രമിക്കുമെന്ന ഭയത്താൽ കോടാലി കുരങ്ങിന് നേരെ എറിയുകയായിരുന്നു. കുട്ടിയുടെ കഴുത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായത്. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ രക്തത്തിൽ കുളിച്ച് കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പൊലീസിനെ അറിയിക്കാതെ കുടുബം സംസ്കാരം നടത്തിയിരുന്നു. ഇത് പൊലീസിൽ സംശയം ജനിപ്പിച്ചു. ഭാര്യയുമായുള്ള വാക്കുതർക്കത്തെ തുടർന്ന് കൊലപാതകം നടത്തിയെന്ന് ബന്ധു ആരോപിച്ചു. വഴക്കിനിടയിൽ ലഖൻ കുഞ്ഞിനെ എടുത്തുകൊണ്ട് പോയിയെന്നും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നും ബന്ധു പറഞ്ഞു.
മുമ്പും ഇയാൾ കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് ബന്ധു ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ കുടുംബത്തെ പൊലീസ് ചോദ്യം ചെയ്യും.















