ന്യൂഡൽഹി: അമർനാഥ് യാത്രയ്ക്ക് സുരക്ഷാഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കി സുരക്ഷാസേന. വിവിധയിടങ്ങളിലായി 50,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. 24 മണിക്കൂറുമുള്ള നിരീക്ഷണത്തിനായി ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കും. ബോഡി സ്കാനറുകൾ, സിസിടിവി കാമറകൾ എന്നിവ ഉപയോഗിച്ച് തീർത്ഥാടകരെ പരിശോധിക്കും.
ഭക്തരുടെ സുരക്ഷയ്‌ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു. തീർത്ഥാടകർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശിച്ചു. തീർത്ഥാടകർക്ക് വേണ്ട സഹായങ്ങൾ നൽകണമെന്ന് സുരക്ഷാസേനയ്‌ക്ക് നിർദേശം നൽകി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, അർദ്ധ സൈനിക ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ഗവർണർ മനോജ് സിൻഹ സുരക്ഷാ ഒരുക്കങ്ങൾ അവലോകനം ചെയ്തു. കഴിഞ്ഞ ദിവസം ആരംഭിച്ച് ഓഗസ്റ്റ് ഒമ്പത് വരെ തുടരുന്നതാണ് അമർനാഥ് യാത്ര. തീർത്ഥാടകരുടെ ആദ്യ ബാച്ച് ശ്രീനഗറിൽ നിന്ന് ബസുകളിലാണ് യാത്ര പുറപ്പെടുന്നത്.















