എറണാകുളം: താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന്‍ നേടാന്‍ ഹൈക്കോടതിയുടെ അനുമതി. വിദ്യാർഥികൾക്ക് തുടർപഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈകോടതി പ്രതികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനു നിർദേശം നൽകി. അഞ്ച് വിദ്യാര്‍ത്ഥികളെയും ഒരു ദിവസത്തേക്ക് വിട്ടയയ്‌ക്കാന്‍ കോടതി നിര്‍ദ്ദേശം നൽകി.
നാളെ രാവിലെ 10 മുതല്‍ അഞ്ച് മണിവരെ വിട്ടയയ്‌ക്കാനാണ് സിംഗിള്‍ ബഞ്ചിന്റെ അനുമതി ഉള്ളത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ സുരക്ഷ നല്‍കാനും കോടതി താമരശ്ശേരി പൊലീസിന് നിര്‍ദ്ദേശം നൽകി. കേസിലെ ആറ് പ്രതികളെയും നിലവിൽ കോഴിക്കോട് ഒബ്സർവേഷൻ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്.
പ്ലസ് വൺ പ്രവേശനത്തിന് അനുമതി തേടി പ്രതികൾ ഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി.















