പെരുന്നാളിന് ‘ടാറ്റ’യെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി കോഴിക്കോട് ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി സംഘടനയായ എസ്ഐഒയുടെ മാർച്ച്. ടാറ്റയുടെ വസ്ത്ര വ്യാപാര ശൃംഖലയായ സുഡിയോവിലേക്കാണ് മാർച്ച് ചെയ്തത്.
ഗാസയെ കൊല്ലാക്കൊല ചെയ്യുന്ന ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന ബ്രാൻഡുകളെ ബഹിഷ്കരിക്കണമെന്നാണ് എസ്ഐഒയുടെ ആഹ്വാനം. പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പുതുവസ്ത്രമെടുക്കുമ്പോള്‍ സാറ, ടാറ്റ സുഡിയോ, വെസ്റ്റ് സൈഡ് എന്നിവ ബ്രാന്‍ഡുകള്‍ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്ത് കൊണ്ട് എസ്ഐഒ സോഷ്യൽ മീഡിയ വഴി ക്യാമ്പയിനും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പലസ്തീൻ പതാകയും ഏന്തിക്കൊണ്ടാണ് കോഴിക്കോട് എസ്ഐഒയുടെ മാർച്ച് നടത്തിയത്.
ഇസ്രായേലുമായി സഹകരിച്ച് പ്രവർത്തിക്കുന്ന അഡിഡാസ്, എച്ച്ആന്‍എം, ടോമി ഫില്‍ഫിഗര്‍, കാല്‍വിന്‍ ക്ലെയിന്‍, വിക്ടോറിയന്‍ സീക്രട്ട്, ടോം ഫോര്‍ഡ്, സ്‌കേച്ചേഴ്സ്, പ്രാഡ, ഡിയോര്‍, ഷനേല്‍ എന്നീ ബ്രാൻഡുകളെ ഒഴിവാക്കണമെന്നും എസ്ഐഒ ആഹ്വാനം ചെയ്തിട്ടുണ്ട്.
ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവച്ച ടാറ്റയ്‌ക്കെതിരെയാണ് ജമാ അത്തെ ഇസ്ലാമി പരസ്യമായി രംഗത്ത് വന്നത്. എസ്ഐഒയുടെ കോപ്രായത്തിനെതിരെ സോഷ്യൽ മീഡിയയിൽ അമർഷം പുകയുകയാണ്. ‘പഹൽഗാമിൽ 26 ഇന്ത്യക്കാർ കൊല്ലപ്പെട്ടപ്പോൾ ഇന്ത്യയുടെ ദേശീയ പതാകയേന്തി പ്രതിഷേധിച്ചത് നമ്മളാരും കണ്ടിട്ടില്ല’, ‘പച്ചകൾക്കെതിരെയോ സപ്പോർട്ട് ചെയ്ത തുർക്കിയെ ബോയ്കോട്ട് ചെയ്യാനോ ഇവരെ കണ്ടിട്ടില്ല’, ‘ഇന്ത്യ എന്ന രാജ്യത്തോട് കൂറുള്ള ഒരുവനും, ടാറ്റ കമ്പനിക്കെതിരെ പ്രതിഷേധിക്കില്ല’. ‘ടാറ്റക്കെതിരെ പ്രതിഷേധം നടത്തുന്നവർ ഇസ്രായേലിനു ആയുധം നൽകുന്ന ഇന്ത്യക്കെതിരെയും പ്രതിഷേധം നടത്താനുള്ള സാധ്യതയുണ്ട്. സംസ്ഥാന സർക്കാരുകളും കേന്ദ്രവും ഇവരെ നിരീക്ഷിക്കണം’, തുടങ്ങി നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.















