തൃശ്ശൂർ: പടിയൂരിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കാറളം വെള്ളാനി സ്വദേശികളായ മണി, മകൾ രേഖ എന്നിവരാണ് കൊല്ലപ്പെട്ടത്. രേഖയുടെ രണ്ടാം ഭർത്താവായ പ്രേംകുമാർ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശിയായ ഇയാൾ 2019 ൽ ഉദയംപേരൂരിൽ ആദ്യ ഭാര്യ വിദ്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.
ആദ്യ കേസിൽ ഏറെ പണിപ്പെട്ടായിരുന്നു പ്രതിയെ പിടികൂടിയതെന്നും, കൊലപാതകത്തിന് ശേഷം ദൃശ്യം മോഡലിലാണ് ഇയാൾ രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. തന്റെ ഫോൺ ട്രെയിനിൽ വടക്കേ ഇന്ത്യയിലേക്ക് അയച്ച ശേഷമാണ് അന്ന് പ്രേംകുമാർ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പടിയൂർ പഞ്ചായത്തിന് സമീപം ഉള്ള വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ മണിയുടെ മറ്റൊരു മകളെ വിവരം അറിയിക്കുകയായിരുന്നു.
ഇവർ വന്ന് വീടിന്റെ പിറക് വശത്തെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിന്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. വീടിനുള്ളിൽ സാധനങ്ങൾ അലങ്കോലമായ നിലയിൽ ആയിരുന്നു. പ്രേംകുമാർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൽ ഇയാളെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.
ദിവസങ്ങൾക്ക് മുൻപ് പ്രേംകുമാറിനെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി സഹോദരി വെളിപ്പെടുത്തിയിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രേംകുമാറിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കുടുംബ വഴക്കിനെ തുടർന്ന് പ്രേംകുമാർ കൊലപാതകം നടത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊന്നതാകാം എന്നാണ് കരുതുന്നത്. രേഖയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങൾ മൃതദേഹത്തിലെ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.















