എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് പൊലീസ് നോട്ടീസ്. 14 ദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് മരട് പൊലീസാണ് നോട്ടീസ് അയച്ചത്. നിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. മഞ്ഞുമ്മൽ ബോയ്സ് സിനിമാ നിർമാണത്തിന് പണം മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
2022 നവംബറിലുണ്ടാക്കിയ കരാറനുസരിച്ച് ലാഭവിഹിത നൽകാമെന്ന വാഗ്ദാനത്തിൽ ഏഴ് കോടി നൽകിയെന്നും സിനിമ വൻ സാമ്പത്തിക ലാഭം നേടിയിട്ടും ലാഭവിഹിതം നൽകാതെ വഞ്ചിച്ചെന്നുമായിരുന്നു പരാതി. ലാഭത്തിന്റെ 40 ശതമാനം വിഹിതമാണ് നൽകാമെന്ന് പറഞ്ഞത്. നിർമാതാക്കളായ പറവ ഫിലിംസ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാണത്തിന് പണമൊന്നും മുടക്കിയിരുന്നില്ലെന്നും പരാതിയിലുണ്ടായിരുന്നു.
സിനിമയ്‌ക്കായി നൽകേണ്ട പണം സിറാജ് കൃത്യമായി നൽകിയിരുന്നില്ലെന്നും, ഷൂട്ടിംഗ് ഷെഡ്യൂൾ മുടങ്ങി നഷ്ടമുണ്ടായെന്നുമായിരുന്നു നിർമാതാക്കളുടെ വാദം. കേസിൽ സൗബിൻ അടക്കമുള്ളവർ ഹൈക്കാേടതിയിൽ നിന്ന് ജാമ്യമെടുത്തിരുന്നു. എന്നാൽ അന്വേഷണം തുടരാമെന്നും കോടതി വ്യകതമാക്കുകയായിരുന്നു.















