തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചെന്ന കാരണത്താൽ രാജ്ഭവനിൽ നടന്ന പരിപാടി ബഹിഷ്കരിച്ച് കൃഷിമന്ത്രി പി പ്രസാദ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന പരിപാടിയിൽ നിന്നാണ് പി പ്രസാദ് വിട്ടുനിന്നത്. പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ചിത്രം മാറ്റാനാകില്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ ആവർത്തിച്ച് പറഞ്ഞു. പിന്നാലെ കൃഷിമന്ത്രി വേദിയിൽ നിന്നും ഇറങ്ങിപോയി. രാജ്ഭവനിലല്ലാതെ ഭാരതാംബയുടെ ചിത്രം എവിടെ സ്ഥാപിക്കുമെന്ന് ഗവർണർ ചോദിച്ചു.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രാജ്ഭവനിൽ നടത്താനിരുന്ന പരിപാടിയിൽ നിന്നാണ് സർക്കാർ പിന്മാറിയത്. വൃക്ഷത്തൈ ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്താനാണ് പദ്ധതിയിട്ടിരുന്നത്. ഈ സംഭവം സംസ്ഥാന സർക്കാരിന്റെ രാജ്യവിരുദ്ധത വ്യക്തമാക്കുന്നു.
ചിത്രം മാറ്റിയാൽ മാത്രമേ സർക്കാർ പരിപാടി സംഘടിപ്പിക്കുകയുള്ളൂവെന്ന അനാവശ്യ പിടിവാശിയായിരുന്നു കൃഷി വകുപ്പിന്. എന്നാൽ തന്റെ നിലപാടിൽ തന്നെ ഗവർണർ ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്ന് രാജ്ഭവനിൽ നടക്കാനിരുന്ന പരിപാടി റദ്ദാക്കിക്കൊണ്ട് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നടത്താൻ സർക്കാർ തീരുമാനിച്ചു.