മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൂന്നു തവണ രാജ്യസഭാ എം പി,രണ്ടു തവണ നിയമസഭാംഗം,രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ച ബാലകൃഷ്ണ പിള്ള ഏറെ നാളായി സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിട്ട് വിശ്രമ ജീവിതത്തിലായിരുന്നു. സതിദേവിയാണ് ഭാര്യ.നീത ഏക മകൾ. മുക്കോലയിലെ വീട്ടിലായിരുന്നു താമസം.
കൊല്ലം ജില്ലയിലെ കുന്നത്തർ താലൂക്കിലെ ശൂരനാട് തെന്നല വീട്ടിൽ എൻ ഗോവിന്ദപിള്ളയുടേയും ഈശ്വരി അമ്മയുടെയും മകനായി 1931 മാർച്ച് 11നായിരുന്നു ജനനം. തിരുവനന്തപുരം എംജി കോളജിൽ നിന്ന് ബി.എസ്.സി യില്‍ ബിരുദം നേടി. അടൂരിൽ നിന്ന് 1977 ലും 1982 ലും നിയമസഭയിലെത്തി. 1991 ലും 92ലും 2003 ലും രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.