ന്യൂഡെല്‍ഹി: ശതകോടീശ്വര സംരംഭകന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ടു വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ ലൈസന്‍സിന് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു യുഎസ് കമ്പനി. എന്നാല്‍ ദേശീയ സുരക്ഷ ഉള്‍പ്പെടെയുള്ള വിവിധ ആശങ്കകള്‍ കാരണം അനുമതി വൈകി.
കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തില്‍ നിന്ന് ഇത്തരത്തിലുള്ള ലൈസന്‍സ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. യൂട്ടെല്‍സാറ്റിന്റെ വണ്‍വെബിനും റിലയന്‍സ് ജിയോയുടെ സാറ്റലൈറ്റ് വിഭാഗത്തിനും നേരത്തെ തന്നെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സര്‍വീസിന് ലൈസന്‍സ് ലഭിച്ചിരുന്നു. ആമസോണിന്റെ സാറ്റലൈറ്റ് പ്രോജക്റ്റായ കൈപ്പര്‍ അടക്കം സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ലൈസന്‍സിനായി അപേക്ഷിച്ച് കാത്തിരിപ്പുണ്ട്.
നിലവിലെ പരമ്പരാഗത മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യയിലെ വിദൂര ഗ്രാമപ്രദേശങ്ങളിലേക്ക് താങ്ങാനാവുന്ന വിലയില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ സ്റ്റാര്‍ലിങ്കിന് കഴിയുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ഇന്റര്‍നെറ്റ് പരിതസ്ഥിതിയെ തന്നെ ഇത് മാറ്റിമറിച്ചേക്കാം.
എയര്‍ടെല്‍ ജിയോ സഹകരണം
മാര്‍ച്ചില്‍ ഇന്ത്യന്‍ ടെലികോം വമ്പനായ ഭാരതി എയര്‍ടെല്‍, മസ്‌കിന്റെ സ്‌പേസ്എക്‌സുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ എയര്‍ടെല്‍ ഇന്ത്യയില്‍ നല്‍കും. പിന്നാലെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും സ്റ്റാര്‍ലിങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ജിയോയുടെ റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ വഴി സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യും.
സ്റ്റാര്‍ലിങ്ക്
ഭൂമിയോടടുത്ത ഭ്രമണപഥത്തില്‍ ഭ്രമണം ചെയ്യുന്ന ആയിരക്കണക്കിന് ചെറിയ സാറ്റലൈറ്റുകളിലൂടെ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുകയാണ് സ്റ്റാര്‍ലിങ്ക് ചെയ്യുന്നത്. നിലവില്‍ 6750 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളാണ് ഭൂമിയെ ചുറ്റുന്നത്. അതിവേഗമുള്ള, ഒട്ടും താമസമില്ലാത്ത ഇന്റര്‍നെറ്റാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.















