സേലം: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബം സഞ്ചരിച്ച കാറിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ മുൻ വശത്തെ രണ്ട് എയർബാഗുകളും പൊട്ടി. നിലവിൽ സേലം ധർമ്മപുരി പൊലീസ് സ്റ്റേഷനിലാണ് കാറുള്ളത്.
തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ പാലക്കോട് ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. ബെംഗളുരുവിലെ ഡി അഡിക്ഷൻ സെന്ററിൽ തുടർ ചികിത്സയ്‌ക്ക് ഷൈനുമായി പോകുകയായിരുന്നു കുടുംബം. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ അപകടത്തിൽ മരണപ്പെട്ടിരുന്നു. തൃശൂർ മുണ്ടൂർ സ്വദേശിയാണ് അദ്ദേഹം. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നു. ധർമ്മപുരിയിലെ ആശുപത്രിയിൽ നിന്നും ഷൈനിനെയും കുടുംബത്തെയും വഹിച്ചു കൊണ്ടുള്ള ആംബുലൻസ് തൃശൂരിലേക്ക് പുറപ്പെട്ടു. ഷൈനിന്റെ തോളല്ലിന് പൊട്ടലുണ്ട്. പിതാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
ഷൈനിന്റെ ഡ്രൈവർ അനീഷാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. ഷൈൻ, സഹോദരൻ, അച്ഛൻ, അമ്മ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറും സഹോദരവുമാണ് മുൻ സീറ്റിലുണ്ടായിരുന്നത്. മദ്ധ്യത്തിലുള്ള സീറ്റിലാണ് അച്ഛനും അമ്മയും ഇരുന്നിരുന്നത്. ഏറ്റവും പുറകിലുള്ള സീറ്റിൽ ഷൈൻ കിടന്നുറങ്ങുകയായിരുന്നു.















