ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ടീം ഐപിഎൽ ട്രോഫി നേടിയതിന്റെ ആഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഗോവിന്ദരാജുവിനെ പുറത്താക്കി. വിധാൻ സൗധയ്‌ക്ക് മുന്നിൽ നടന്ന തിരക്കേറിയ ആഘോഷങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ. ഗോവിന്ദരാജുവാണെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനെത്തുടർന്ന്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഗോവിന്ദരാജുവിനെ അടിയന്തര പ്രാബല്യത്തോടെ നീക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) കളിക്കാർക്ക് വിമാനത്താവളത്തിൽ നിന്ന് വിധാൻ സൗധയിലേക്ക് വിക്ടറി പരേഡ് നടത്തുന്നതിനുള്ള അനുവാദം നല്കാൻ ഇയാൾ മുഖ്യമന്ത്രിയെ ഉപദേശിച്ചതായി മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. ഗോവിന്ദരാജുവിന്റെ സമ്മർദ്ദം മൂലമാണ് പരിപാടിക്ക് അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത സഹായികൾ ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഗോവിന്ദരാജുവിനെതിരെ പത്രസമ്മേളനത്തിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
നിലവിലെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും കർണാടക ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഗോവിന്ദരാജുവാണ് തിടുക്കത്തിലുള്ള ആഘോഷ പരിപാടി സംഘടിപ്പിച്ചതിന്റെ പിന്നിലെന്ന് ചില മന്ത്രിമാർ തന്നെ ആരോപണം ഉന്നയിച്ചതായി കന്നഡ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.















