തിരുവനന്തപുരം: നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ മാസങ്ങളായി സമരം ചെയ്യുന്ന ആശ വർക്കർമാർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലെത്തും.
തങ്ങളുടെ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയർത്തി നിലബൂരിൽ ആശമാർ പ്രചാരണം നടത്തും.ഈമാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക.ആശാ വര്‍ക്കേഴ്സ് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.മിനിയുടെ നേതൃത്വത്തിൽ വീടുകയറിയായിരിക്കും പ്രചാരണം നടത്തുക.
ഓണറേറിയം വർധന, പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാരുടെ സമരം നടക്കുന്നത് . ഓണറേറിയം വർദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചുണ്ട്. ചർച്ച കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് സമിതിയെ പോലും നിയോഗിച്ചത്.
അതിനിടെ ആശാ സമരത്തിന്റെ നാലാം ഘട്ടമായി കാസർകോട്ട് നിന്നാരംഭിച്ച ‘രാപകൽ സമരയാത്ര’ പത്തനംതിട്ട ജില്ലയിലെത്തി നില്‍ക്കുകയാണ്. 45 ദിവസ കൊണ്ടുള്ള കേരള പര്യടനത്തിന് ശേഷം സമരയാത്ര ജൂൺ 17 ന് തിരുവനന്തപുരത്ത് സമാപിക്കും.















