അഹമ്മദാബാദ്: വിട്ടുമാറാത്ത ചുമയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒൻപത് മാസം പറയമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിനുള്ളിൽ നിന്നും എൽഇഡി ബൾബ് പുറത്തെടുത്ത് ഡോക്ടർമാർ. അഹമ്മദാബാദിലെ ജുനഗഡ് സ്വദേശികളായ ജുനേദ് യൂസഫ്-തബാസും ദമ്പതികളുടെ മകന്റെ ശ്വാസനാളത്തിൽ നിന്നുമാണ് എൽഇഡി ബൾബ് കണ്ടെത്തിയത്. കളിപ്പാട്ട ഫോണിൽ ഉണ്ടായിരുന്ന എൽഇഡി ബൾബ് കുട്ടി അബദ്ധത്തിൽ വിഴുങ്ങിയതാണെന്നാണ് കരുതുന്നത്.
രണ്ടാഴ്ചയായി കുട്ടിക്ക് വിട്ടുമാറാത്ത ചുമ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാതാപിതാക്കൾ കുഞ്ഞുമായി ആശുപത്രിയിലെത്തുന്നത്. ശിശുരോഗവിദഗ്ധർ നടത്തിയ എക്‌സ്‌റേ പരിശോധനയിൽ ശ്വാസനാളത്തിൽ ഒരു വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി.
തുടർന്ന് ജൂൺ 3 ന് അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ നടന്ന ബ്രോങ്കോസ്കോപ്പിയിലൂടെ കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിന്നും എൽഇഡി ബൾബ് പുറത്തെടുത്തു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.