തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് നങ്കൂരമിട്ടു. ഇതാദ്യമാണ് ഇത്രയും വലിയ ഒരു കണ്ടെയ്നർ കപ്പൽ ഒരു ഇന്ത്യൻ തുറമുഖത്ത് എത്തുന്നത്.
2023 മാർച്ചിലാണ് ലൈബീരിയൻ പതാകയുമായി കപ്പൽ യാത്ര തുടങ്ങിയത്. കപ്പലിന് ഏകദേശം 400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട്. ഇത് ഒരു ഫുട്ബോൾ മൈതാനത്തിന്റെ നാലിരട്ടി നീളമാണിത്. 26 നിലകളിലായി കണ്ടെയ്നറുകൾ അടുക്കി വയ്‌ക്കാൻ സൗകര്യമുണ്ട്. ഊർജ്ജോപയോഗം കുറവാണെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
വിഴിഞ്ഞത്തിന്റെ ആഗോള പ്രസക്തിയും പ്രശസ്തിയും ഊട്ടിയുറപ്പിക്കുന്നതാണ് ഐറിനയുടെ വരവ്. ഐറിനയിലെ അൾട്രാ-ലാർജ് കണ്ടെയ്നർ വെസ്സലുകൾ (യു.എൽ.സി.വി) അനായാസം കൈകാര്യം ചെയ്യാൻ സാധിച്ചത് ആഗോള ഷിപ്പിംഗ് കമ്പനികളെ വിഴിഞ്ഞത്തോട് കൂടുതൽ അടുപ്പിക്കും. കൊളംബോ, സിംഗപ്പൂർ, ദുബായ് തുടങ്ങിയ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകളുമായി മത്സരിക്കാനും പ്രവർത്തനം വ്യാപിപ്പിക്കാനും വിഴിഞ്ഞത്തിന് ഇനി ഏളുപ്പമാകും. ആഴ്ചകൾക്ക് മുമ്പ് , എം.എസ്.സി. മിഷേൽ അടക്കമുള്ള മറ്റ് ഭീമൻ കപ്പലുകൾക്കും വിഴിഞ്ഞം ആതിഥേയത്വം വഹിച്ചിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ മെഗാ ട്രാൻസ്‌ഷിപ്പ്‌മെന്റ് കണ്ടെയ്‌നർ ടെർമിനലാണ് വിഴിഞ്ഞം തുറമുഖം. യൂറോപ്പ്, ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ കിഴക്ക്-പടിഞ്ഞാറൻ ഷിപ്പിംഗ് പാതകളിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ അകലെയാണ് ഈ തുറമുഖം സ്ഥിതി ചെയ്യുന്നത്.















